Monday, May 20, 2024
spot_img

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും

വെങ്ങാന്നൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുർഗ്ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും .

രാജസ്ഥാനിൽ നിന്നും ഒറ്റക്കൽ മാർബിളിൽ തീർത്ത 23.5 അടി ഉയരവും, 30 ടൺ ഭാരവുമുള്ള ആദിപരാശക്തി യുടെ വിഗ്രഹവും, 12 അടി വീതം ഉയരത്തിലുള്ള ദുർഗ്ഗാ രാജമാതംഗി ദേവിമാരുടെ വിഗ്രഹവും ഏറ്റവും ഉയരത്തിലുള്ള നന്ദീശ്വര ഭഗവാൻ്റെ വിഗ്രഹവും മൂന്ന് ട്രെയിലറുകളായി പത്ത് ദിവസത്തിന് മുമ്പേ രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്നാണ് യാത്ര തിരിച്ചത്.

ഇന്നലെ തമിഴ്‌നാട് അതിർത്തി കടന്ന വിഗ്രഹ വ്യൂഹം പാലക്കാട് വഴി തൃശ്ശൂർ കാലടി ശൃംങ്കേരി ശങ്കരമഠം ആശ്രമത്തിൽ വൻപിച്ച സ്വീകരണത്തോടുകൂടി എത്തിച്ചേർന്നു. സ്വീകരണത്തിന് നേതൃത്വം നൽകിയ ശങ്കരമഠം കീർത്തി മാനേജർ രാമസുബ്രഹ്മണ്യം, അസിസ്റ്റൻ്റ് മാനേജർ സൂര്യനാരായണ ഭട്ട്, SNDP കാലടി ശാഖാ ചെയർമാൻ നിറപറ കണ്ണൻ, വിശ്വഹിന്ദുപരിഷത്ത് സുബിൻ, സായി ചന്ദ്രമഠം ഡയറക്ടർ ശ്രീനിവാസൻ, സനീഷ് ചെമ്മണ്ണൂർ, കാലടി ബൈജൂ, പള്ളിക്കൽ സുനിൽ എന്നിവരുടെ അകമ്പടിയോടുകൂടി വിഗ്രഹത്തിന് കിളിമാനൂർ അജിത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ന് അവിടെ തങ്ങി നാളെ രാവിലെ കിളിമാനൂരിൽ നിന്നും വമ്പിച്ച സ്വീകരണത്തോടുകൂടി തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിൽ രാവിലെ 11 നും 12 നും ഇടയ്ക്ക് എത്തിച്ചേരും. അവിടെ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെങ്ങാനൂർ പൗർണ്ണമിക്കാവിൽ കൊണ്ടുപോകും.

ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലിൽ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

ഭായിൻസ്ലാനയിൽ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിൾ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു വിഗ്രഹങ്ങളും പൂർത്തീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ കാളിമാതാ ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ നടത്തിയ ശേഷമാണ് വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്.

Related Articles

Latest Articles