Sunday, May 19, 2024
spot_img

ഊട്ടിയിലെ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇന്നില്ല; ജനറൽ ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന ഇന്ന് ഉണ്ടാകില്ല.

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ രാജ് നാഥ് സിംഗ് പരസ്യ പ്രസ്താവന നടത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.

എന്നാൽ അപകടത്തിൽ പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമായ ശേഷം മാത്രം പ്രസ്താവന നടത്താമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

അതേസമയം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.

സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അപകടങ്ങൾ നടന്നാൽ കുടുംബത്തെ അറിയിക്കുക എന്നതാണ് കീഴ്‌വഴക്കം.

ഇതിന്റെ ഭാഗമായാണ് രാജ്‌നാഥ് സിംഗ് ബിപിൻ റാവത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 13 ആയെന്നാണ് റിപ്പോർട്ട്.

MI -17 v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

Related Articles

Latest Articles