Friday, May 17, 2024
spot_img

സംയുക്ത സൈന്യാധിപന് ലാസ്റ്റ് സല്യൂട്ട്; മിന്നലാക്രമണങ്ങളുടെ നായകന്‍ ജനറൽ ബിപിൻ റാവത്ത് ഇനിയില്ല; രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായത് ഗൂർഖാ റജിമെന്റിൽ നിന്നും

മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ്’- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്‌ ഇപ്രകാരമാണ്. കാര്‍ക്കശ്യം, ധീരത, ഉറച്ച നിലപാട്…

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികള്‍ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു.

പാക് പ്രകോപനങ്ങളെ ആദ്യം മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നല്‍കിയ സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. സേവനകാലാവധി ഒരുവര്‍ഷം ബാക്കി നില്‍ക്കെ നീലഗിരി കുന്നിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ റാവത്തിനെ രാജ്യത്തിന് നഷ്ടമായി.

റാവത്ത് രക്ഷപ്പെടണേ എന്ന പ്രാര്‍ഥനയിലായിരുന്നു അപകടവിവരം അറിഞ്ഞത് മുതല്‍ രാജ്യം. തീഗോളമായി മാറിയ ഹെലികോപ്ടറില്‍നിന്ന് രക്ഷപെടുത്തി സൈനിക ആശുപത്രിയില്‍ വിദഗ്ധചികിത്സ നല്‍കിയെങ്കിലും 85 ശതമാനത്തോളം പൊള്ളലേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. ഒടുവില്‍ എല്ലാ പ്രാര്‍ഥനകളും വിഫലമായി.

വൈകുന്നേരം 6.03-ന് ബിപിന്‍ റാവത്ത് മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തുല്യരില്‍ മുമ്പനായി രാജ്യത്തെ സേവിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇനിയില്ല.

സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്.

മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഭാരതത്തിനു അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്.

2020ൽ സംയുക്തസേനാ മേധാവിയാകും വരെ കരസേനയുടെ ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നിൽ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് ഭീകരരെ തേടി രാജ്യത്തിന് പുറത്ത് മ്യാൻമറിൽ കടന്ന് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് നേതൃത്വം കൊടുത്തതും റാവത്തിന്റെ പാരാ കമാന്റോകളായിരുന്നു. മണിപ്പൂരിൽ ഭീകരർ വധിച്ച 18 സൈനികരുടെ വീരബലിദാനത്തിനാണ് ലോകത്തെ ഞെട്ടിക്കുന്ന രാജ്യാന്തര ഓപ്പറേഷൻ വിജയകരമായി നടത്തി സൈന്യം തിരിച്ചുവന്നത്.

പാകിസ്താന് ഉരുളയ്‌ക്കുപ്പേരിപോലെ മറുപടി കൊടുത്ത സൈനിക മേധാവി അഫ്ഗാൻ വിഷയത്തിലും നിതാന്ത ജാഗ്രതയിലായിരുന്നു. സൈന്യത്തിന് എന്നും താങ്ങായിരുന്ന റാവത് ചൈനയ്‌ക്കെതിരെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യൻ സൈനികർ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

സംയുക്ത സൈനിക മേധാവി എന്ന നിലയിൽ മുഴുവൻ സേനാ വിഭാഗങ്ങൾക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഒരു മടിയും കാണിച്ചില്ല. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടാണ് റാവത് സേനാവിഭാഗങ്ങളുടെ ഏതാവശ്യവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്.

2016ലാണ് ഇന്ത്യൻ കരസേനയുടെ മേധാവിയായി റാവത്ത് ചുമതലയേറ്റത്. 2019 ഡിസംബർ 31ന് ചുമതലയിൽ നിന്നും വിരമിച്ചു. ഇന്ത്യൻ കരസേനയുടെ 27-ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിൻ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സർവ്വ സൈന്യാധി പനായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജനറൽ ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽപ്പിച്ചത്.

ഉത്തരാഖണ്ഡിലെ പൗഡിയിലുള്ള സൈനികകുടുംബത്തിലാണ് റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, ഖഡഗ്വാസയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലാണ് പഠനം. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പരിശീലനം പൂർത്തിയാക്കിയത് മികച്ച വിദ്യാർത്ഥി യായി സ്വാർഡ് ഓഫ് ഓണർ നേടിയായിരുന്നു. അച്ഛന്‍ ലഫ്. ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂര്‍ഖാ റൈഫിള്‍സ്’ ന്റെ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായി 1978-ലാണ് ജനറല്‍ റാവത്ത് ഔദ്യോഗികജീവിതം തുടങ്ങിയത്.

രാജ്യത്തിന് പുറത്തും വിദഗ്ധ പരിശീലനം നേടാൻ ബിപിൻ റാവത്തിന് സൈന്യം അവസരമൊരുക്കി. ബ്രിട്ടണിലെ വെല്ലിംഗ്ടൺ ഡിഫൻസ് സെർവീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യു.എസ് ആർമി കമാന്റ് ആന്റ് ജനറൽ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫൻസ് സ്റ്റഡീസിൽ എം.ഫിൽ നേടിയിട്ടുണ്ട്.

മദ്രാസ് സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ ബിരുദവും മീററ്റിലെ ചൗധരി ചരൺ സിംഗ് സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ഗവേഷണ ബിരുദവും നേടിയിരുന്നു. 1978 ഡിസംബർ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. 11-ാം ഗൂർഖാ റജിമെന്റിന്റെ 5-ാം ബറ്റാലിയന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്. പിതാവ് സേവനം ആരംഭിച്ച അതേ ബറ്റാലിയന്റെ ഭാഗമായി എന്നതും യാദൃശ്ചികതയായി.

ജമ്മുകശ്മീരിലെ ഉറിയിൽ കമാന്റർ, മേജർ, കേണൽ എന്നീ ചുമതലകൾ വഹിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ബിപിൻ റാവത്ത് സൈന്യത്തിന് നേതൃത്വം നൽകിയത്. സോപോറിലെ രാഷ്‌ട്രീയ റൈഫിൾ സിന്റെ കമാന്ററായിരുന്നു.

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സമാധാന സേനാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. രണ്ടു തവണ അന്താരാഷ്‌ട്ര ബഹുമതിയും നേടിയിട്ടുണ്ട്. അമേരിക്കൻ സൈന്യം ഹാൾ ഓഫ് ഫെയിം ബഹുമതിയും നേപ്പാൾ ജനറൽ ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്.

മേജർ ജനറൽ ചുമതലയിലേക്ക് വന്നശേഷം ഉറിയിലെ 19-ാം ഇൻഫെന്റി ഡിവിഷന്റെ കമാന്റിംഗ് ഓഫീസറെന്ന സുപ്രധാന ചുമതല നിർവ്വഹിച്ചു. പിന്നീട് പൂനെ ആസ്ഥാനമായ ദക്ഷിണ കമാന്റിന്റെ ചുമതല ഏറ്റെടുത്തു. 2016 ജനുവരി ഒന്നിനാണ് ജനറൽ റാവത് കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്. 2016 ഡിസംബർ 17ന് രാജ്യം 27-ാമത് കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവതിനെ നിയമിച്ചു.

ഗൂർഖ റെജിമെന്റിൽ നിന്നും കരസേനാ മേധാവി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ സൈനികനായിരുന്നു ബിപിൻ റാവത്ത്. ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷായും ജനറൽ ദൽബാർ സിംഗ് സുഹാഗും ഗൂർഖാ റെജിമെന്റിന്റെ ഭാഗമായിരുന്നു.

1987ൽ ചൈനീസ് സൈന്യത്തിനെ സോംദോറോംഗ് താഴ് വരയിൽ പ്രതിരോധിച്ചത് റാവതിന്റെ നേതൃത്വത്തിലെ ഗൂർഖാ റെജിമെന്റായിരുന്നു. കോംഗോയിലെ സമാധാന സേനാ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച് ആഭ്യന്തര കലാപത്തേയും ഭീകരരേയും നേരിടാൻ പ്രാദേശിക സൈന്യത്തിനെ റാവത് തയ്യാറാക്കി.

2015ൽ മണിപ്പൂരിൽ 18 ഇന്ത്യൻ സൈനികരെ വധിച്ച ഭീകരർക്കെതിരെ മ്യാൻമറിന്റെ മണ്ണിൽ സർജിക്കൽ സ്ട്രൈക് നടത്തിയത് ധീമാപൂരിൽ ബിപിൻ റാവത്തിന്റെ കീഴിലുണ്ടായിരുന്ന 21-ാം പാര കമാന്റോകളായിരുന്നു.

2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി (സി.ഡി.എസ്.) ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റത്. കരസേനാമേധാവിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂര്‍ത്തിയാവാന്‍ രണ്ടരമാസം ബാക്കിനില്‍ക്കെയാണ് ആദ്യ സംയുക്ത സേനാമേധാവിയായി സ്ഥാനമേറ്റെടുത്തത്.

മൂന്നുവര്‍ഷമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി. സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സി.ഡി.എസ്. എന്ന പദവിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ. സുബ്രഹ്‌മണ്യം കമ്മിറ്റിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാവും പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഉണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ് ആയിരുന്നു. കര, നാവിക, വ്യോമസേനാ മേധാവികള്‍ക്ക് തുല്യമായ പദവി തന്നെയായിരുന്നു സി.ഡി.എസിനുങ്കിലും ‘തുല്യരില്‍ മുമ്പന്‍’ എന്നരീതിയിലായിരുന്നു പ്രവര്‍ത്തനം.

സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതുള്‍പ്പെടെ സൈനികനടപടികളില്‍ സി.ഡി.എസിന് അധികാരമില്ലായിരുന്നു. അതിനുള്ള അധികാരം അതതു സേനാവിഭാഗങ്ങളുടെ തലവന്മാര്‍ക്കുതന്നെയായിരുന്നു. മൂന്നുസേനാമേധാവികളുമുള്‍പ്പെട്ട ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായിരുന്നു.

സൈന്യാധിപന് സല്യൂട്ട്

Related Articles

Latest Articles