ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാം രാഷ്ട്രപതിയെ ഇന്നറിയാം. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പതിനൊന്നു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
പാർലമെന്റ് മന്ദിരത്തിൽ വെച്ച് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു പാർലമെന്റിൽ എത്തിച്ചത്. അതീവ സുരക്ഷയിലാണ് ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്നത്.
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വിജയം സുനിശ്ചിതമാണ്. യശ്വന്ത് സിൻഹയാണു പ്രതിപക്ഷ സ്ഥാനാർഥി. ദ്രൗപദി മുർമുവിന് 65 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണു സൂചന. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് മുർമുവിന് അനുകൂലമായി വോട്ട് വീണിരുന്നു.
ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ വനവാസി വനിത എന്ന നേട്ടം സ്വന്തമാക്കാനാകും. 25നു പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും. 776 എംപിമാരും 4033 എംഎൽഎമാരും ഉൾപ്പെടെ 4809 ജനപ്രതിനിധികൾക്കു വോട്ടവകാശമുണ്ടായിരുന്നു. ആകെ വോട്ട് മൂല്യം 10,69,358 ആണ്. 99 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എട്ട് എംപിമാർ വോട്ട് ചെയ്തില്ല.

