Sunday, May 19, 2024
spot_img

ചരിത്ര നിമിഷത്തിനായി കാതോർത്ത് രാജ്യം; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ രാവിലെ 11ന്; രാജ്യത്താകമാനം ഗോത്രവർഗ്ഗ ജനത ആഹ്ളാദത്തിൽ

ദില്ലി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം ഇന്ന്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ ഇന്നു രാവിലെ 11ന് തുടങ്ങും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാഷ്ട്രത്തിന്റെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായിരിക്കും തെരെഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെടുന്നു. ഭരണമുന്നണിയായ എൻ ഡി എ യുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനായിരിക്കും വിജയമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഗോത്രവർഗ്ഗ വനിതയായിരിക്കും തെരഞ്ഞെടുക്കപ്പെട്ടാൽ ദ്രൗപതി മുർമു. രാജ്യമെമ്പാടുമുള്ള ഗോത്രവർഗ്ഗ ജനത മുർമുവിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചിരുന്നു. ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തിന് മുന്നണിക്കകത്തുനിന്നും പുറത്ത് നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് സ്വീകാര്യത ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിക്കും. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles