Saturday, May 18, 2024
spot_img

സത്യത്തിനൊപ്പം നിന്ന അനിതയ്ക്ക് ഒടുവിൽ നീതി !കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും ; ഉത്തരവ് ഉടൻ പുറത്തിറങ്ങും

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂല നിലപാടെടുത്തത്തിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്തതിൽ കടുത്ത വിമർശനമുയർന്നിരുന്നു. ഇതിനെതിരേ അനിത മെഡിക്കല്‍ കോളേജില്‍ നടത്തിവരുന്ന സമരം ആറാംദിവസത്തേക്ക് കടക്കുന്നതിനിടെയാണ് അനുകൂല തീരുമാനമുണ്ടാകുന്നത്. അനിതയെ പിന്തുണച്ച് അതിജീവിതയും സമരത്തിൽ പങ്കെടുത്തിരുന്നു.

അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനല്‍കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നത്. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു കോടതി ഉത്തരവിട്ടെങ്കിലും ആ ഉത്തരവുമായി എത്തിയ അനിതയ്ക്ക് ജോലിയിൽ പ്രവേശിക്കാനായില്ല. സെക്രട്ടേറിയറ്റില്‍നിന്നുള്ള ഉത്തരവില്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

തുടർന്നാണ് മെ‍ഡിക്കൽ കോളജിൽ അനിത സമരം തുടങ്ങിയത്. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്.

മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധ ബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതരെ അറിയിച്ചു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പോലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു. അപ്പോഴും നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്ന വാദം നിരത്തി അനിതയ്ക്ക് നിയമനം നിഷേധിച്ചു . ഇതിനിടെ മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകുകയും ചെയ്തു. പിന്നാലെയാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചിരുന്നു.

Related Articles

Latest Articles