ഉദയ്പൂർ: മുഹറം ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ അപകടം ഒഴിവാക്കാൻ സഹായിച്ച് ഹിന്ദു കുടുംബം. ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ കടയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് സംഭവം. മുഹറം ഘോഷയാത്രയിൽ ഉപയോഗിച്ച ‘തജിയ’ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മോച്ചിവാഡയിൽ ഷോഘയാത്ര നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് 25 അടിയിലധികം ഉയരമുള്ള ‘തജിയ’യ്‌ക്ക് തീപിടിക്കുന്നത്. യാത്രയിൽ പങ്കെടുത്ത ആളുകൾ ഉടൻ തന്നെ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് യാത്ര കാണുകയായിരുന്ന കുടുംബം ഉടനെ തന്നെ രക്ഷക്കെത്തി.
തീ ആളിപ്പടർന്നുകൊണ്ടിരിക്കുന്നതിനിടെ ഇവർ തജിയയിലേക്ക് വെള്ളം ഒഴിച്ചു. ആശിഷ് ചോവാഡി, രാജ്കുമാർ സോളങ്കി എന്നിവരും അവരുടെ കുടുബാംഗങ്ങളുമാണ് വൻ അപകടം ഒഴിവാക്കാൻ സഹായിച്ചത്. വൈദ്യുത കമ്പിയിൽ നിന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്‌ക്കാൻ സഹായിച്ച ഹിന്ദു കുടുംബത്തിന് മുസ്ലീങ്ങൾ നന്ദി അറിയിച്ചു. ജില്ലാ കളക്ടർ താരാ ചന്ദ് മീണയും കുടുംബത്തെ പ്രശംസിച്ച് രംഗത്തെത്തി.

