Tuesday, May 21, 2024
spot_img

സഹപാഠിയായ വിദ്യാർത്ഥിനിക്ക് ലഹരി നൽകി പീഡിപ്പിച്ച സംഭവം; കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപണം; മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി അതിജീവിതയുടെ കുടുംബം

കണ്ണൂർ: ലഹരി നൽകി ഒൻപതാം ക്ലാസുകാരിയായ സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ അതിജീവിതയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം പ്രതികരിച്ചു. കേസിന്റെ തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. .

തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവർ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കൾ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. മറ്റ് ഏഴ് പെൺകുട്ടികളുമായി തൻ്റെ മകൾ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണിൽ നിന്നാണ് എന്നും മാതാപിതാക്കൾ വ്യക്തമാക്കി.

പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയിൽ വിളിച്ചുവരുത്താറില്ല. എന്നാൽ, ഇവിടെ 9ആം ക്ലാസുകാരിയായ പെൺകുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാൻ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാൻ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നൽകിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കൾ പ്രതികരിച്ചു.

Related Articles

Latest Articles