Wednesday, January 7, 2026

വൈദ്യുത കമ്പിയിൽ തട്ടി ഓടിക്കൊണ്ടിരുന്ന വയ്ക്കോൽ ലോറിയ്ക്ക് തീ പിടിച്ചു!!! വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടി ഡ്രൈവർ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് വയ്ക്കോൽ ലോറിയ്ക്ക് തീ പിടിച്ചു (Fire Breaksout In Lorry). കോടഞ്ചേരിയിൽ ആണ് സംഭവം.
റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ലോറിയിലെ വയ്ക്കോൽ കെട്ടുകളിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുകയറുകയായിരുന്നു. എന്നാൽ ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

വയനാട്ടിൽ നിന്ന് വയ്ക്കോലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. വൈദ്യുത കമ്പിയിൽ തട്ടിയാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വയ്ക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ ടൗണിൽ തന്നെ വണ്ടി നിർത്തി ഓടിരക്ഷപ്പെട്ടു. സംഭവം കണ്ടു നിന്ന നാട്ടുകാരനായ ഷാജി ലോറിയിൽ ചാടിക്കയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേയ്‌ക്ക് ഓടിച്ച് കയറ്റുകയും ചെയ്തു.

ഗ്രൗണ്ടിൽ പ്രവേശിപ്പിച്ച വാഹനം ചുറ്റിക്കറക്കിയതോടെ തീപിടിച്ച വയ്ക്കോൽ കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി. പിന്നീട് നാട്ടുകാരെത്തി തീപിടിക്കാത്ത വയ്‌ക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തി തീ പെട്ടെന്ന് അണച്ചു. ഇതോടെ ലോറിയിലേയ്‌ക്ക് തീപടർന്നില്ല. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles