Saturday, December 27, 2025

സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കവുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് വ്യാഴാഴ്ച വൈകീട്ടോടെ ദാരുണ സംഭവം ഉണ്ടായത്. കലൈയരശനും മകൻ പ്രദീഷുമാണ് മരിച്ചത്. പ്രദീഷിന് ഏഴ് വയസാണ് പ്രായം. പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഭാര്യ വീട്ടിലായിരുന്ന മകനെയും കൂട്ടി പടക്കവും വാങ്ങി സ്വന്തം വീട്ടിൽ ദീപാവലി ആഘോഷിക്കാൻ വരുന്നതിനിടെയാണ് അപകടമുണ്ടായത്. വരുന്ന വഴി രണ്ട് വലിയ സഞ്ചി നിറയെ പടക്കം വാങ്ങിയിരുന്നു. മകനെ സ്കൂട്ടറിന്റെ മുന്നിൽ നിർത്തിയാണ് വാഹനം ഓടിച്ചത്. പടക്കം നിറച്ചുവച്ച സഞ്ചി സൈഡിൽ തൂക്കിയിട്ടു. അപ്രതീക്ഷിതമായി പടക്കം പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

പ്രദീഷും കലൈയരശനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപിടിച്ചതിനാലാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് ശാസ്ത്രീയ മായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

Related Articles

Latest Articles