Tuesday, June 18, 2024
spot_img

എറണാകുളത്ത് വൻ തീപിടുത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

കൊച്ചി: ആലുവ, എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. തുടർന്ന് മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അര്‍ധ രാത്രി 12 മണിയോടെയാണ് കടുങ്ങല്ലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ മൂന്ന് കമ്പനികള്‍ക്ക് തീ പിടിച്ചത്.

പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. അതേസമയം തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഓറിയോന്‍ കമ്പനി പൂര്‍ണമായും കത്തി നശിച്ചു. പിന്നാലെ സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. ഈ സ്ഥാപനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. കമ്പനികളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്ക് ഇരയായിട്ടുണ്ട്.

സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായെന്ന് തൊഴിലാളികൾ പറയുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട കാരണം സംബന്ധിച്ച് കുടുതല്‍ പരിശോധന വേണമെന്ന് അഗ്‌നി രക്ഷാ സേന അറിയിച്ചു. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.

Related Articles

Latest Articles