Monday, June 17, 2024
spot_img

രാജ്‌കോട്ട് ഗെയിം സോണിലെ തീപിടിത്തം; മൂന്ന് പേർ പിടിയിൽ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

ദില്ലി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ, ഗെയിംസോൺ ഉടമ യുവരാജ് സിംഗ് സോളങ്കി എന്നിവരടക്കം മൂന്ന് പേരാണ് പിടിയിലായത്. ഐപിഎസ് ഓഫീസർ സുബാഷ് ത്രിവേദിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

അപകടത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദുഃഖം രേഖപ്പെടുത്തി. രാജ്‌കോട്ടിലെ അപകടം അതി ദാരുണമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ”രാജ്‌കോട്ടിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ സാധിക്കട്ടെ”എന്ന് എസ്. ജയശങ്കർ കുറിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഗെയിം സോണിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ മരിച്ചവരിൽ അധികവും കുട്ടികളാണ്. 12 കുട്ടികളടക്കം 27 പേർ വെന്തുമരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതം നൽകാനും അദ്ദേഹം നിർദേശിച്ചു.

Related Articles

Latest Articles