ഗുവാഹത്തി: രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ എയിംസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗുവഹാത്തിയിലാണ് പുതിയ എയിംസ് പ്രവർത്തന സജ്ജമായത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയ്ക്ക് കീഴിലാണ് എയിംസ് സ്ഥാപിച്ചത്. വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രിയാണ് ഗുവാഹത്തിയിലേത്. ഏകദേശം 1,123 കോടി രൂപ എയിംസിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്. കൂടാതെ നല്‍ബാരി, നഗാവോണ്‍, കൊക്രജാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ ഉദ്ഘാടനം ചെയ്തു.
150 ബെഡ്ഡ് സൗകര്യമുള്ള എയിംസാണ് ഗുവാഹത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് (ഏപ്രില്‍ 14) മുതല്‍ തന്നെ എയിംസ് പ്രവർത്തനം ആരംഭിക്കും. ടെലിമെഡിസിന്‍ സംവിധാനത്തോടെ എയിംസില്‍ രോഗികൾക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സേവനങ്ങൾ നൽകിയിരുന്നു. നിയന്ത്രിതമായ അളവില്‍ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് പുരാണിക് പറഞ്ഞു. ആശുപത്രിയുടെ 85 ശതമാനം നിർമ്മാണവും പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 150 രോഗികളെ നോക്കാനാകുന്ന തരത്തിലുള്ള ഔട്ട് പേഷ്യന്റ് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ആശുപത്രിയില്‍ ഒരേ സമയം 750 രോഗികളെ വരെ പ്രവേശിപ്പിക്കാവുന്ന തരത്തില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ പ്രധാന ഉത്സവമായ റോംഗാലി ബിഹുവിന്റെ ആദ്യദിവസം തന്നെ 14300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. കൂടാതെ ജനങ്ങള്‍ക്ക് ബിഹു ഉത്സവത്തോട് അനുബന്ധിച്ച് ആശംസയും അദ്ദേഹം നേര്‍ന്നു. വടക്കു കിഴക്കൻ മേഖലയുടെയും അസമിന്റെയും ആരോഗ്യ മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ” ഏകദേശം 1.10 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നിലവില്‍ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ഒന്നരമാസത്തിനുള്ളില്‍ തന്നെ 3.3 കോടി ആളുകളിലേക്ക് എത്തിക്കുന്ന രീതിയില്‍ ആയുഷ്മാന്‍ കാര്‍ഡുകള്‍ പുറത്തിറക്കും. ഇതോടെ എല്ലാവര്‍ക്കും എയിംസിലോ, മെഡിക്കല്‍ കോളെജിലോ ചികിത്സ നേടാന്‍ സാധിക്കുന്നതാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഈ കാര്‍ഡുകള്‍ ജനങ്ങളെ സഹായിക്കുന്നതാണ്,’ ഉദ്ഘാടന വേളയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

