Saturday, September 19, 2026

പതിനായിരങ്ങളെ കുടിയൊഴുപ്പിച്ചില്ല; ലക്ഷക്കണക്കിന് കോടിരൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കിയില്ല; സിൽവർലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസർക്കാർ വികസനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വന്ദേഭാരത് സംസ്ഥാനത്തിന് ഇല്ലെന്ന പ്രചാരണം നടത്തി നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നെന്നും മുരളീധരൻ ആരോപിച്ചു. സിൽവർലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ളത്. സിൽവർ ലൈൻ അപ്രായോഗികം എന്നത് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് വന്ദേഭാരത് ട്രെയിൻ സർവീസ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാറിന് നന്ദി. പ്രധാനമന്ത്രി എല്ലാത്തവണയും കേരളം സന്ദർശിക്കുമ്പോൾ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എറണാകുളം സന്ദർശിച്ചപ്പോൾ 4500 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചത്. ഇത്തവണ അദ്ദേഹം കേരളത്തിലെത്തുമ്പോഴും അതുപോലെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കേരളത്തിൽ ഈ അതിവേഗ തീവണ്ടി വരുമ്പോൾ, അത് കേരളത്തിന്റെ വികസനത്തിന്റെയും വേഗത കൂട്ടും എന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഭാരതത്തിന്റെ വികസനത്തിന്റെ ഗതിവേഗം വർധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സർവീസുകൾ അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കവേ കേരളത്തിന് വന്ദേഭാരത് ട്രെയിൻ ഇല്ലെന്ന് ചില മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തിയതായും അത് കേട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും മുരളീധരൻ ആരോപിച്ചു. ഇത്തരം ദുഷ്പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് വന്ദേഭാരത് ട്രെയിനിന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles