Tuesday, December 23, 2025

അഗ്നിപഥ് ആദ്യ നാവികസേനാ ബാച്ച് പരിശീലനം പൂർത്തിയാക്കി; വിമർശകർക്ക് നിലപാട് തിരുത്തേണ്ടിവരുമെന്ന് ചീഫ് അഡ്‌മിറൽ; ചൈനീസ് വെല്ലുവിളി ഏറ്റെടുക്കാൻ സുസജ്ജം

ദില്ലി: അഗ്നിപഥ് ആദ്യ നാവിക സേനാ ബാച്ച് പരിശീലനം പൂർത്തിയാക്കിയതായി നാവികസേനാ ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ. അഗ്നിപഥ് പദ്ധതിയെ വിമർശിച്ചവർക്ക് നിലപാട് തിരുത്താൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പരിഷ്‌ക്കരിച്ചുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് അഗ്നിപഥ്. ആദ്യഘട്ടത്തിൽ വലിയ വിമർശനങ്ങൾ അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നിരുന്നുവെങ്കിലും രാജ്യവ്യാപകമായി സംഘടിപ്പിച്ച് എല്ലാ റിക്രൂട്ട്മെന്റ് റാലികളിലും വൻ യുവജനപങ്കാളിത്തമായിരുന്നു. അടുത്തിടെ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയും പദ്ധതിയെ വിമർശിച്ചിരുന്നു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ നാവികസേന പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കും. സബ്മറൈനുകളും ഹെലികോപ്റ്ററുകളും നിരീക്ഷണത്തിന് ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവിക സേനയുടെ നീക്കങ്ങൾ ചോർത്താൻ ശ്രീലങ്കയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കുന്നു എന്ന വാർത്തകളോടാണ് അദ്ദേഹം പ്രതികരിച്ചത്

Related Articles

Latest Articles