Friday, January 9, 2026

പ്രഥമ ദൗത്യം !എന്നിട്ടും പൂർത്തിയാക്കിയത് അഞ്ച് മിനിട്ടിൽ !! എൻഎസ്ജി കമാൻഡോകൾ അമൃത്സറിൽ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം മോചിപ്പിച്ചതെങ്ങനെ ?

ഐസി 814: ദി കാണ്ഡഹാർ ഹൈജാക്കിങ്ങ് എന്ന അനുഭവ് സിൻഹയുടെ നെറ്റ്ഫ്ലിക്സ് സീരീസ് ചർച്ചയാകുകയാണ്. കാണ്ഡഹാർ വിമാന റാഞ്ചലിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് അമൃത്സർ വിമാന റാഞ്ചലും. അഞ്ച് മിനിട്ട് മാത്രം സമയമെടുത്താണ് എൻഎസ്ജി കമാൻഡോ സംഘം ഈ ദൗത്യം പൂർത്തിയാക്കിയത്.

1993 ഏപ്രിൽ 24 നാണ് ദില്ലിയിൽ നിന്ന് ശ്രീ നഗറിലേക്കുള്ള ഇന്ത്യൻ എയർലൈൻസിന്റെ IC 427 വിമാനം ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരർ റാഞ്ചുന്നത്. ഉച്ചയ്ക്ക് 1.57നായിരുന്നു യാത്രക്കാരും ജീവനക്കാരുമായി 141 പേരുമായി വിമാനം ദില്ലിയിൽ നിന്നും ശ്രീനഗറിലേയ്ക്ക് തിരിച്ചത്. വിമാനം പറന്നു പൊങ്ങിയതിന് പിന്നാലെ യാത്രക്കാരനായി വിമാനത്തിൽ കയറിപ്പറ്റിയ മുഹമ്മദ് യൂസഫ് എന്ന ഭീകരൻ വിമാനം ഹൈജാക്ക് ചെയ്യുന്നതായി പ്രഖ്യാപിക്കുന്നു. ജനറൽ ഹസൻ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചത്.

ഹിസ്ബുൽ മുജാഹിദ്ദീൻ്റെ പരമോന്നത കമാൻഡർ സയ്യിദ് സലാഹുദ്ദീൻ്റെ നിർദ്ദേശപ്രകാരമാണ് ദൗത്യമെന്നും ഇയാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. രണ്ട് കൈയ്യിലും പിസ്റ്റലുകൾ പിടിച്ചിരുന്ന മുഹമ്മദ് യൂസഫ് തൻ്റെ കൈവശം ​ഗ്രനേഡ് ഉണ്ടെന്നും വിമാനം അഫ്ഗാനിസ്ഥാനിലെ കാബൂളിലേയ്ക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പാകിസ്താൻ്റെ ആകാശപാതയിലേയ്ക്ക് വിമാനം കടക്കുന്നതിന് ലാഹോർ എയർട്രാഫിക് കൺട്രോൾ‌ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ 3.20ന് വിമാനം അമൃത്സറിൽ ഇറങ്ങി. യാത്രക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും ഇന്ധനം നിറച്ചതിന് ശേഷം വിമാനം കാബൂളിലേയ്ക്ക് പറത്തണമെന്നും ഭീകരൻ ആവശ്യപ്പെട്ടു.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞ ഉടനെ ദില്ലിയിൽ ക്രൈസിസ് മാനേജ്മെൻ്റ് ​ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു. അന്ന് നരസിംഹറാവു മന്ത്രിസഭയിലെ വ്യോമയാന മന്ത്രിയായിരുന്ന ​ഗുലാം നബി ആസാദ് സാഹചര്യങ്ങൾ അടിയന്തരമായി വിലയിരുത്തി. പിന്നാലെ അമൃത്സർ വിമാനത്താവളത്തിൽ പഞ്ചാബ് പോലീസിലെ എസ്പിയും ഡിസിയും ഭീകരനുമായി അനുരഞ്ജന ച‍ർച്ചകൾ നടത്തി. എന്നാൽ ഇന്ധനം നിറച്ച് വിമാനം കാബൂളിലേയ്ക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ തന്നെ ഭീകരൻ ഉറച്ചു നിന്നു. ഇക്കാര്യം ചർച്ച നടത്തിയ ഉദ്യോ​ഗസ്ഥർ ദില്ലിയിലെ ക്രൈസിസ് മാനേജ്മെൻ്റ് ​ഗ്രൂപ്പിനെ അറിയിച്ചു. സമയം നീട്ടിക്കൊണ്ട് പോകുക എന്ന ഉദ്ദേശ്യത്തോടെ ചർച്ചകൾ തുടരാനായിരുന്നു ദില്ലിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. ചർച്ചകൾ ആർദ്ധരാത്രിയോളം നീണ്ടു. ഇതിനിടയിൽ എന്‍എസ്ജി കമാൻഡോകൾ അമൃത്സറിൽ എത്തിച്ചേർന്നു.

ഒടുവിൽ വിമാനത്തിനുള്ളിൽ കടന്ന് വിമാനറാഞ്ചിയെ കീഴടക്കാൻ എൻഎസ്ജി കമാൻഡോകൾക്ക് അനുമതി ലഭിച്ചു. ജർമ്മൻ ഫെഡറൽ പൊലീസിൻ്റെ തന്ത്രപ്രധാന യൂണിറ്റായ ജിഎസ്9ൽ പരിശീലനം നേടിയവരായിരുന്നു ഈ എൻഎസ്ജി കമാൻഡോകൾ. ഇരുട്ടിൻ്റെ മറവിൽ അർദ്ധരാത്രിയോടെ കമാൻഡോ സംഘം വിമാനത്തിന് കീഴിൽ ഉഴഞ്ഞെത്തി. എയർഹോസ്റ്റസുമാർ വീൽ ലോക്കും ആറ് വാതിലുകളും തുറന്ന് വെച്ചതോടെ കമാൻഡോകളുടെ നീക്കം വേഗത്തിലായി. രാത്രി 1.05ന് എൻഎസ്ജി കമാൻഡോകൾ ആറ് വാതിലുകളിലൂടെ വിമാനത്തിനുള്ളിലേയ്ക്ക് ഇരച്ചുകയറി. അതേസമയം ഇതൊന്നുമറിയാതെ ഭീകരൻ കോക്പിറ്റിൽ നിന്ന് പഞ്ചാബ് പോലീസ് മേധാവിയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കമാൻഡോകൾ പിന്നിൽ നിന്നും ഇയാളുടെ മേല്‍ ചാടി വീണു. കമാൻ‍ഡോ സംഘത്തിൻ്റെ അതിവേഗത്തിലുള്ള അപ്രതീക്ഷിത നീക്കത്തിൽ മുഹമ്മദ് യൂസഫ് പതറിപ്പോയി. വെടിയുതിർക്കാൻ യൂസഫ് ഒരു വിഫലശ്രമം നടത്തിയെങ്കിലും അതിന് മുമ്പായി കമാൻഡോകളിലൊരാളുടെ സൈലൻസർ ഘടിപ്പിച്ച തോക്കിൽ നിന്നുള്ള വെടിയുണ്ട യൂസഫിനെ വീഴ്ത്തി. പരിക്കേറ്റ യൂസഫിനെ എൻഎസ്ജി സംഘം വിമാനത്തിന് പുറത്തെത്തിച്ച് പഞ്ചാബ് പോലീസിന് കൈമാറി. അഞ്ച് മിനിട്ടുകൊണ്ടാണ് എൻഎസ്ജി കമാൻഡോകൾ ഈ ദൗത്യം പൂർത്തീകരിച്ചത്.

എൻഎസ്ജി ആൻ്റി ഹൈജാക്കിംഗ് സ്‌ക്വാഡിൻ്റെ ആദ്യ ഓപ്പറേഷനായിരുന്നു 1993ലേത്. കൂടാതെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ “വേഗമേറിയ കമാൻഡോ ഓപ്പറേഷൻ” ആയും ഇത് ഇടംനേടി.
പിന്നീട് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടെ ഭീകരൻ മരണത്തിന് കീഴടങ്ങിയതായി പഞ്ചാബ് പോലീസ് മേധാവി കെപിഎസ് ഗിൽ അറിയിച്ചു.

Related Articles

Latest Articles