Tuesday, October 20, 2026

തോൽവിക്ക് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണം; ‘പിന്നെ കാണാം’ എന്ന് പിണറായി വിജയൻ; തോൽവി ചർച്ച ചെയ്ത് പി.ബി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യമായി പരസ്യ പ്രതികരണം നടത്തി പിണറായി വിജയൻ. ദില്ലിയിൽ ചേർന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

ദില്ലിയിൽ തങ്ങിയ രണ്ട് ദിവസവും മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം മറുപടി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ആദ്യമായി മൗനം വെടിയുകയായിരുന്നു. പിണറായി വിജയനൊപ്പം കേരളത്തിലേക്ക് മടങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് സംസാരിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യം സംസ്ഥാനത്ത് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസം നീണ്ടുനിന്ന പി.ബി യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിശദമായ ചർച്ചകളാണ് നടന്നത്. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങളും തുടർനടപടികളും യോഗം വിലയിരുത്തി. പി.ബി യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് വൈകിട്ട് 4 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Related Articles

Latest Articles