തിരുവനന്തപുരം : വിഴിഞ്ഞം പാക്കേജ് എല്ലാവരിലേക്കും എത്തിപ്പെട്ടില്ലെന്നാരോപിച്ച്
മത്സ്യത്തൊഴിലാളികൾ കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞു. കോവളത്ത് അനിമേഷ്യൻ സെൻററിൻ്റെ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തില്‍ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം. കോവളത്ത് റോഡ് തൊഴിലാളികള്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിന്നിട് പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 336 പേരുടെ പട്ടിക കൈമാറിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 120 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിച്ചെന്നും 1500 ൽ അധികം തൊഴിലാളികൾക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷവും അനുബന്ധ തൊഴിലാളികൾക്ക് ഒരു ലക്ഷവുമാണു വിതരണം ചെയ്തത്. കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത് പ്രതിഷേധിച്ചു. ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

