Friday, September 25, 2026

മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണം! അറസ്റ്റില്ല ! സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു; പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രവർത്തകരുടെ പ്രിയ നേതാവ്

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രമുഖ ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.നടക്കാവ് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്.

അതേസമയം സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കളായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ എന്നിവരടങ്ങിയ വൻ ജനാവലിയാണ് സ്റ്റേഷൻ കവാടത്തിൽ തടിച്ചു കൂടിയത്. അദ്ദേഹം സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞിരുന്നു. ഇതോടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നേതാക്കള്‍ സ്ഥലത്തുണ്ട്. രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്നേഹത്തിന് നന്ദിയറിക്കുന്നതായി ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി പറഞ്ഞു. നേതാക്കളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നന്ദി. ഹാജരാകാൻ നോട്ടീസ് നൽകിയാൽ വീണ്ടും ഹാജരാകുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

Related Articles

Latest Articles