Tuesday, May 21, 2024
spot_img

നീറ്റ്‌ പരീക്ഷാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കൊല്ലം: ആയൂരിൽ നീറ്റ്‌ പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രതികൾക്ക് കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകി. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം കരാർ ജീവനക്കാരായ മൂന്നു പേർക്കുമാണ് ജാമ്യം കിട്ടിയത്.

നീറ്റ്‌ പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻടിഎ നിയോഗിച്ച ഒബ്സര്‍വറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് മുന്നേ പെണ്‍കുട്ടികൾ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എൻടിഎക്ക് കത്ത് നൽകിയ വ്യക്തിയാണ് പ്രജി കുര്യൻ ഐസക്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പെണ്‍കുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. കര‌ഞ്ഞു കൊണ്ട് നിന്ന ഒരു വിദ്യാര്‍ഥിനിക്ക് ഷാൾ എത്തിച്ച് നൽകിയതും പ്രജി തന്നെയാണ്.

കേസിൽ അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പൊലീസിന് മൊഴി നൽകിയിരുന്നു. ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്. സംഭവത്തിൽ കൂടുതൽ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വിശദീകരിക്കുന്നത്.

Related Articles

Latest Articles