കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ളവരെ കളമശ്ശേരി ക്രൈംബ്രാഞ്ച് (Crime Branch) ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശമനുസരിച്ച് ദിലീപ് ഒന്‍പത് മണിക്ക് തന്നെ ഹാജരായിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്യല്‍.
കേസില്‍ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി .എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒന്നും ഇല്ലാതെ അല്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതെന്ന് അതില്‍ നിന്ന് മനസ്സിലാക്കാമല്ലോയെന്നും എഡിജിപി മാധ്യമങ്ങളോടു പറഞ്ഞു. കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ദിലീപ് നിസഹകരിച്ചാൽ കോടതിയെ അറിയിക്കുമെന്നും എ ഡി ജി പി പറഞ്ഞു.
അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായി കണക്കാക്കി ജാമ്യം റദ്ദാക്കുമെന്നും കോടതി ഇന്നലെ വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ നടത്തെരുതെന്ന് ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

