Wednesday, May 15, 2024
spot_img

കർണ്ണാടകയിൽ പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് അസ്ഥികൂടങ്ങൾ !!മരിച്ചത് കുടുംബാംഗങ്ങളാണെന്നും മൃതദേഹങ്ങൾക്ക് 4 വർഷത്തെ പഴക്കവുമുണ്ടെന്ന് പോലീസ്; മൃതദേഹങ്ങളുടെ സാന്നിധ്യത്തിലും വീട്ടിൽ കവർച്ച നടന്നത് നിരവധി തവണ !

ബെംഗളൂരു : വീടിന് പുറത്ത് തലയോട്ടി കണ്ടു എന്ന വിവരത്തെത്തുടർന്ന് കർണ്ണാടകയിലെ ചിത്രദുർഗയിൽ പൂട്ടിക്കിടന്ന വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് അഞ്ച് അസ്ഥികൂടങ്ങൾ . ഈ വീട്ടിൽ താമസിച്ചിരുന്ന ഗവൺമെന്റ് എക്സിക്യുട്ടിവ് എൻജിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയുടെയും കുടുംബത്തിന്റെയും മൃതദേഹാവശിഷ്ടങ്ങളാണ് ലഭിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. 2019 ജൂണിനുശേഷം കുടുംബത്തെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽക്കാർ മൊഴി നൽകി. ആത്മഹത്യയെക്കുറിച്ച് സൂചന നൽകുന്ന ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. എന്നാൽ കന്നഡയിൽ തയാറാക്കിയിരിക്കുന്ന കുറിപ്പിൽ തീയതിയോ ഒപ്പോ ഇല്ലെന്നാണ് വിവരം. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കത്തിലെ ആധികാരികതയിൽ വ്യക്തത വരുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

ജഗന്നാഥ് റെഡ്ഡിക്കു (85) പുറമേ ഭാര്യ പ്രേമാവതി (80), മക്കളായ ത്രിവേണി (62), കൃഷ്ണ റെഡ്ഡി (60), നരേന്ദ്ര റെഡ്ഡി (57) എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.ജഗന്നാഥ് റെഡ്ഡിക്ക് മഞ്ചുനാഥ് എന്ന മകൻ കൂടിയുണ്ടായിരുന്നുവെങ്കിലും 2014ൽ ഒരു അപകടത്തിൽ മരിച്ചു.

രണ്ട് അസ്ഥികൂടങ്ങൾ കിടക്കയിലും രണ്ടെണ്ണം തറയിലും ഒരെണ്ണം മറ്റൊരു മുറിയിലുമാണ് കിടുന്നിരുന്നത്. 2019 ജൂൺ മുതൽ ഈ വീട് പൂട്ടിക്കിടക്കുകയാണെന്നാണ് അയൽവാസികൾ പറയുന്നത്. അതിനുശേഷം റെഡ്ഡിയേയോ കുടുംബാംഗങ്ങളെയോ ആരും കണ്ടിട്ടില്ല. അതേസമയം പല തവണ വീട്ടിൽ കവർച്ച നടന്നതായി കരുതുന്നതായി പോലീസ് അറിയിച്ചു. വീടിന്റെ വാതിൽ ഉൾപ്പെടെ തകർത്ത നിലയിലായിരുന്നു. വീടിന്റെ പിന്നിലെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. പരിശോധനയിൽ 2019 ജനുവരിയിലാണ് വീട്ടിലെ വൈദ്യുതി ബിൽ അവസാനമായി അടച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles