Thursday, April 25, 2024
spot_img

ദുരൂഹതകൾ ഒഴിയാത്ത അന്ത്യം; ജയലളിതയുടെ ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട്; അങ്കലാപ്പിലായി അണ്ണാ ഡിഎംകെ

ചെന്നൈ: പിടികിട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയാക്കി തമിഴകത്തിന്റെ അമ്മ മറീനയിലെ മണലില്‍ അലിഞ്ഞിട്ട് ഇന്നേക്ക് അഞ്ചാണ്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു ജയലളിത

ചെന്നൈയെന്ന ദക്ഷിണേന്ത്യന്‍ നഗരത്തിലിരുന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഉരുക്കുവനിതയായി ചരിത്രം രേഖപ്പെടുത്തുമ്പോഴും ആ മരണത്തിന്റെ മേല്‍ ദൂരൂഹതയുടെ കരിമ്പടമാണ് ഇപ്പോഴുമുള്ളത്.

എന്നാൽ ജയലളിതയുടെ മരണശേഷം നാടകങ്ങളും അന്തര്‍നാടകങ്ങളും ഒട്ടേറെ കണ്ടു തമിഴകവും അണ്ണാ ഡി.എം.കെയും. അമ്മയിരുന്ന സീറ്റിലേക്കു തോഴിയും അണികളുടെ ചിന്നമ്മയുമായ ശശികലയെത്തിയതും കൂടെയുണ്ടായിരുന്നവര്‍ തന്നെ വലിച്ചു താഴെയിട്ടതുമായിരുന്നു ആദ്യസംഭവം.

തുടർന്ന് രണ്ടായി പിളരുകയും പിന്നീട് ശശികല പേടിയില്‍ ഒന്നാവുകയും ചെയ്ത പാര്‍ട്ടിയില്‍ ഉള്‍പ്പോരിനാണ് ഇപ്പോഴും ശക്തി കൂടുതല്‍.

നിയസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ പാര്‍ട്ടിയിലെ അധികാരം പിടിക്കല്‍ മാത്രമായി ഒ.പനീര്‍സെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടെയും ലക്ഷ്യം.

പിന്നീട് ജയലളിത കൂടി പ്രതിയായിരുന്ന അഴിമതിക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശശികലയെ തടയാന്‍ ഇരുവരും പരസ്യമായെങ്കിലും ഒന്നാണെന്നതാണ് അണികളെ അല്‍പമെങ്കിലും ചലിപ്പിക്കുന്നത്.

നായകനെ കണ്ടെത്താനുള്ള നിര്‍ണായക തിരഞ്ഞെടുപ്പിന്റെ ചൂടില്‍ അണ്ണാ ഡി.എം.കെ ഒന്നടങ്കം മുങ്ങിയിരിക്കെയാണ് ഇത്തവണത്തെ ജയലളിതയുടെ ചരമവാര്‍ഷികമെന്നതാണു പ്രത്യേകത.

ഏറെ കാലത്തിനുശേഷം സംഘടനാ തിരഞ്ഞെടുപ്പിലേക്കു പോകുന്നതും ഇതേ ലക്ഷ്യത്തിലാണ്. ഒ.പിഎസിനും ഇ.പി.എസിനും എതിരില്ലാതിരിക്കാന്‍ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിക്കുകയാണ് പാര്‍ട്ടി ആസ്ഥാനത്ത് അണികള്‍ വരുന്ന ചൊവ്വാഴ്ചയാണു തിരഞ്ഞെടുപ്പ്.

നിലവിലെ സാഹചര്യത്തില്‍ ഒ.പി.എസിനും ഇ.പിഎസിനും എതിരുണ്ടാകില്ല. തിരഞ്ഞെടുത്താലും പാര്‍ട്ടി പിടിക്കാന്‍ രണ്ടും കല്‍പിച്ചിറങ്ങിയിരിക്കുന്ന ശശികലയ്ക്കു മുന്നില്‍ ഇരുവരും പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ക്കനുസരിച്ചിരിക്കും പാര്‍ട്ടിയുടെയും ഇരട്ടനേതൃത്വത്തിന്റെയും ഭാവി.

ജയയുടെ കൊടനാടിലെ എസ്റ്റേറ്റിലെ കവർച്ചയും കൊലപാതകവും തുടർന്നുണ്ടായ ദുരൂഹ മരണങ്ങളും പുനരന്വേഷിക്കുന്നതും അണ്ണാ ഡിഎംകെയ്ക്കു തലവേദനയായിട്ടുണ്ട്.

Related Articles

Latest Articles