ഗുവാഹത്തി: അസമിൽ തോരാത്ത മഴയുടെ ഫലമായി ഉണ്ടായ പ്രളയത്തിൽ ദുരിതത്തിലായി ജനങ്ങൾ. ഒരു ലക്ഷത്തിതൊണ്ണൂറ്റി ഏഴായിരം പേരാണ് ദുരിതത്തിലായതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. 20 ജില്ലകളാണ് നിലവിൽ വെള്ളപ്പൊക്കത്തിലായത്. ഇതിൽ കച്ചാർ ജില്ലയിൽ വെള്ളപ്പൊക്കകെടുതിയിൽ രണ്ടു പേർ മരണപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.
കച്ചാർ ജില്ലയിൽ മാത്രം താമസസ്ഥലങ്ങളിൽ 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിനടിയിലായി.
ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്.

