വയനാട്: വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ 18 പേർക്കാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്.
വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. തുടർന്ന് വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇതോടെ കൂടുതൽ പരിശോധനകൾക്കായി സംഘം സാമ്പിളുകൾ ശേഖരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തു നിന്നെത്തിയവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നൽകി. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയെ തുടർന്ന്, 18 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. എന്നാൽ, ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

