മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കാൻസർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് ശസ്ത്രക്രിയയുടെ കാലയളവിൽ പുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവിന് അധികാരം കൈമാറിയ ശേഷമായിരിക്കും ചികിത്സയിൽ പ്രവേശിക്കുക എന്നാണ് റിപ്പോർട്ട്.
ഇക്കാര്യം യുഎസ് മാധ്യമമായ ന്യൂ യോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയുടെ ഭാഗമായി കുറച്ചു കാലത്തേയ്ക്ക് പുടിനു അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നേക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മാത്രമല്ല പുടിന് ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതായി വാർത്തയിൽ പറയുന്നു.
ഇതുകൂടാതെ പുടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്നാണ് വിവരം. നേരത്തെ പുടിന്റെ അസുഖത്തേയും ആരോഗ്യത്തേയും കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നു വന്നിരുന്നു. തനിക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്തനുമായ നിക്കോള പട്രുഷേവിന് നൽകുമെന്ന് പുടിൻ തന്നെയാണ് തീരുമാനിച്ചതും.
അതേസമയം അവധിയിൽ പോകേണ്ടതിനാൽ കഴിഞ്ഞ ദിവസം പട്രുഷേവുമായി പുടിൻ രണ്ട് മണിക്കൂറിലധികം നേരം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭാഷണത്തിൽ തന്റെ അസുഖ വിവരത്തെ കുറിച്ച് പുടിൻ പറഞ്ഞതായാണ് സൂചന. കൂടാതെ ആരോഗ്യ സ്ഥിതി വഷളായാൽ രാജ്യത്തിന്റെ നിയന്ത്രണം താൽക്കാലികമായി പത്രുഷേവിന്റെ കൈകളിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

