Sunday, May 19, 2024
spot_img

നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; 7 പ്രതിപക്ഷ എംഎൽഎമാരുടെ പി.എമാർക്ക് നോട്ടീസയച്ച് സ്പീക്കർ എ.എൻ ഷംസീർ; ഇതേ കുറ്റംചെയ്ത ഭരണകക്ഷി പേഴ്സണൽ സ്റ്റാഫുകൾക്കെതിരെ നടപടിയില്ല

തിരുവനന്തപുരം : അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭാസമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പ്രതിപക്ഷ എംഎൽഎമാരുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടുക്കൊണ്ട് സ്പീക്കർ നോട്ടീസ് അയച്ചു.

ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയിൽ ചട്ടവിരുദ്ധമായി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനാണ് സ്പീക്കർ വിശദീകരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. ടി. സിദ്ദീഖ്, കെ.കെ. രമ, എം.കെ. മുനീർ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎ മാർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം നിയമസഭാസെക്രട്ടറിയെ രേഖാമൂലം വിശദീകരണം അറിയിക്കണമെന്നും അല്ലാത്തപക്ഷം ചട്ടപ്രകാരമുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

മാർച്ച് 15 ന് സഭാസമ്മേളനം അവസാനിച്ച ശേഷം പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചതിനിടെയാണ് സംഘർഷമുണ്ടായത്. അതെ സമയം സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ്‌ അംഗങ്ങളും പകർത്തിയിട്ടുണ്ടെങ്കിലും ഇവർക്കെതിരെ നിലവിൽ നടപടി എടുത്തിട്ടില്ല.

Related Articles

Latest Articles