Wednesday, May 8, 2024
spot_img

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം; ബയേൺ മ്യൂണിക്ക് ബൂട്ട് കെട്ടുന്നത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് തീപാറുന്ന പോരാട്ടം. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12:30ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുക . കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങൾ തോൽവിയറിയാതെ നോർവേ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിന്റെ കരുത്തിൽ കുതിക്കുന്ന സിറ്റി മികച്ച ഫോമിലാണ്.

അതെ സമയം ബയേണിന് ഇപ്പോൾ അത്ര മികച്ച സമയമല്ല. പുതുതായി സ്ഥാനമേറ്റെടുത്ത കോച്ച് തോമസ് ട്യുച്ചലിന് കീഴിൽ ജർമ്മൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രെയ്‌ബർഗിനെതിരായ മത്സരത്തിൽ ബയേൺ പരാജയപ്പെട്ടിരുന്നു. എങ്കിലും തൊട്ടടുത്ത ലീഗ് മത്സരത്തിൽ ഇതേ ഫ്രെയ്‌ബർഗിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത് ബയേൺ പകരം വീട്ടിയിരുന്നു.

കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കണം എന്ന ലക്ഷ്യവുമായാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്. ടീമിന്റെ കുന്തമുനയായ ഹാലണ്ട് തകർപ്പൻ ഫോമിലാണ്. ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് താരം നേടിയത്. മാർച്ച് പകുതിയോടെ പരുക്കേറ്റ് പുറത്തായ ഹാലണ്ട് കഴിഞ്ഞ മത്സരത്തിൽ സാംതാംപ്ടനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് കളിക്കളത്തിലേക്ക് തിരിച്ച് വരവ് ആഘോഷിച്ചത്. ബുണ്ടസ്‌ലീഗയിൽ ഡോർട്മുണ്ടിന് വേണ്ടി കളിക്കുമ്പോൾ ബയേണിനെതിരെ ഏഴ് മത്സരങ്ങളിൽ നിന്നായി താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട് എന്നത് സിറ്റിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

Related Articles

Latest Articles