Monday, May 20, 2024
spot_img

കാട്ടുതീ പടർന്ന് അങ്കണവാടിയ്ക്ക് അടുത്തെത്തി! നെടുങ്കണ്ടത്ത് വൻദുരന്തം ഒഴിവായത് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ

നെടുങ്കണ്ടം:കാട്ടുതീ പടര്‍ന്ന് അങ്കണവാടിയ്ക്ക് അടുത്തെത്തിയെങ്കിലും ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. നെടുങ്കണ്ടത്തെ കല്‍കൂന്തലിലെ അങ്കണവാടിയില്‍ നിന്നും കുട്ടികളെ ഉടൻ തന്നെ മാറ്റിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അംഗനവാടി ടീച്ചറും, ഹെല്‍പ്പറും അവസരോചിതമായി ഇടപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ആറ് കുട്ടികള്‍ മാത്രമാണ് അങ്കണവാടിയില്‍ എത്തിയത്. ഇവരെല്ലാംതന്നെ അങ്കണവാടിയ്ക്ക് സമീപത്തെ വീടുകളിലെ കുട്ടികളാണ്. ഉച്ച കഴിഞ്ഞ് 1.30 ഓടെ കുട്ടികള്‍ക്ക് ആഹാരം നല്‍കി ഇവരെഉറക്കികെടുത്തിയിരിക്കുകയായിരുന്നു. കാറ്റിന്റെ ശല്യം ഒഴിവാക്കുവാന്‍ കതക് അടച്ചിരുന്നു. അങ്കണവാടിയുടെ പുറത്ത് പൊട്ടിത്തെറിക്കുന്ന ശബ്ദവും പച്ചിലകള്‍ കത്തുന്ന മണവും ഉണ്ടായതോടെ അങ്കണവാടി ടീച്ചര്‍ ഹുസൈനാ ബീവിയും ഹെല്‍പ്പര്‍ നിഷയും പെട്ടെന്ന് പുറത്തിറങ്ങി നോക്കി. അപ്പോഴേയ്ക്കും തീ അങ്കണവാടിയ്ക്ക് വളരെ അടുത്തെത്തിയിരുന്നു.

ഉടന്‍തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി അങ്കണവാടിയ്ക്ക് പുറത്ത് എത്തിക്കുകയും രക്ഷകര്‍ത്താക്കളെ വിളിച്ച് വരുത്തി കുട്ടികളെ അവരോടൊപ്പം വിടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍, നെടുങ്കണ്ടം അഗ്നിശമന സേന, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേത്യത്വത്തില്‍ തീ അണക്കുകയായിരുന്നു. കല്‍കൂന്തല്‍ കീഴാഞ്ജലി എസ്‌റ്റേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ സമീപത്തെ പാറയില്‍ വളര്‍ന്ന് നിന്ന പുല്ലിനും കാട്ടുചെടികള്‍ക്കുമാണ് തീപിടിച്ചത്.

Related Articles

Latest Articles