Tuesday, May 21, 2024
spot_img

മമതയ്ക്ക് തിരിച്ചടി: എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ അനുമതി

ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീം കോടതി അനുമതി. രാജീവ് കുമാര്‍ കേസ് അന്വേഷണത്തോട് മുമ്പ് സഹകരിച്ചില്ലെന്ന് സിബിഐ. മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍.

ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിയത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത്.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ പിന്നീട് സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോര്‍ട്ടില്‍ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles