ഡെറാഡൂൺ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഉത്തരാഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് (Congress Leader Joined BJP). സംസ്ഥാനത്തെ മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായയാണ് ബിജെപിയിലേക്ക് ചേരാനൊരുങ്ങുന്നത്. ബിജെപി ആസ്ഥാനത്തെത്തി ഇന്ന് അദ്ദേഹം പാർട്ടി അംഗത്വം നേടുമെന്നാണ് സൂചന.
തെഹ്‌രി മണ്ഡലത്തിൽ നിന്നും കിഷോർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡ് കോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായിരുന്ന കിഷോർ ബിജെപിയിലെത്തുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകും ഉണ്ടാക്കുക. കോൺഗ്രസിൽ നിന്നും രാജിവച്ച കിഷോർ ജനുവരി 3 ന് കേന്ദ്രമന്ത്രിയും ബിജെപിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രഹ്ലാദ് ജോഷിയുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം ഡെറാഡൂണിലെ റേസ് കോഴ്സിന് സമീപമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അജയ് കുമാറിന്റെ വസതിയിൽ ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഉത്തരാഖണ്ഡിൽ കനത്ത പോരാട്ടമായിരിക്കും നേരിടേണ്ടി വരികയെന്ന് കോൺഗ്രസ് നേതീവ് ഹരീഷ് റാവത്ത് സമ്മതിച്ചു. ബിജെപിയെ പേടിച്ച് തെരഞ്ഞെടുപ്പിനായി ഇതിനകം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ പട്ടിക പുനഃക്രമീകരിക്കാൻ ആലോചിക്കുന്നതായും കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

