കൊൽക്കത്ത: ഒരു വ്യാഴവട്ടക്കാലം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു. അനാരോഗ്യം കാരണം അദ്ദേഹം ദീർഘനാളായി പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ജ്യോതി ബസുവിനു ശേഷം സിപിഎമ്മിന്റെ ഏറ്റവും ജനകീയ മുഖമായിരുന്നു ബുദ്ധദേവ് എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക നയങ്ങളിൽ ചില തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ട നേതാവായിരുന്നു. സ്വാകാര്യ നിക്ഷേപത്തെ അടക്കം പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പാർട്ടിയെയും ബംഗാളിനെയും മനസിലാക്കിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കാനായില്ല. ദീർഘകാലം ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള സിപിഎം തൃണമൂൽ കോൺഗ്രസിൽ നിന്ന് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
ആ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി ബുദ്ധദേവിന് മേലാണ് ചാർത്തിയത്. അതിൽ അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നു. പരാജയത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൊൽക്കത്തയ്ക്ക് പുറത്തുനടന്ന ഒരു പോളിറ്റ് ബ്യുറോ യോഗത്തിലും പിന്നീട് അദ്ദേഹം പങ്കെടുത്തിരുന്നില്ല. 2015 ലെ സമ്മേളനത്തിൽ പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്തായി. 2018 ൽ സിപിഎം സെക്രട്ടറിയേറ്റ് അംഗത്വം അദ്ദേഹം ഉപേക്ഷിച്ചു.

