Sunday, September 20, 2026

പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ മയ്യഴിയിൽ; ചിതാഭസ്മം മാഹി കടപ്പുറത്ത് നിമജ്ജനം ചെയ്തു

മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി. അമേരിക്കയിൽ വെച്ച് അന്തരിച്ച പിതാവിന്റെ അന്ത്യാഭിലാഷം പൂർത്തീകരിക്കുന്നതിനായാണ് ദശാബ്ദങ്ങൾക്ക് ശേഷം മനോജ് തന്റെ കുടുംബവേരുകൾ തേടി നെല്ലിയാട്ട് തറവാട്ടിലെത്തിയത്. സ്വകാര്യമായിനടത്തിയ സന്ദർശനത്തിൽ, മാഹി കടപ്പുറത്തെത്തിയ അദ്ദേഹം പിതാവിന്റെ ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തു. പിതാവിന്റെ സഹോദരിമാർക്കും മക്കൾക്കുമൊപ്പമാണ് അദ്ദേഹം ഈ കർമ്മങ്ങൾക്കായി എത്തിയത്.

തന്റെ ശൈശവകാലം മയ്യഴിയിൽ ചെലവഴിച്ച മനോജ് നൈറ്റ് ശ്യാമളൻ പിന്നീട് ചെന്നൈയിലും തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്കും മാറുകയായിരുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് അദ്ദേഹം തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം ഈ മണ്ണിൽ തിരിച്ചെത്തുന്നത്. സിനിമയുടെ ഗ്ലാമർ ലോകത്ത് നിൽക്കുമ്പോഴും തന്റെ പിതാവിന്റെ നാടിനോടുള്ള വൈകാരിക ബന്ധം കാത്തുസൂക്ഷിച്ചാണ് മനോജ് ഈ സന്ദർശനം നടത്തിയത്.

മലബാറിലെ തിയ്യ സമൂഹത്തിന്റെ തായ്‌വേരുകൾ തേടി ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ഡോ. ശ്യാമളൻ. ‘മലബാറിലെ തിയ്യർ’ എന്ന ഗ്രന്ഥത്തിലൂടെ തിയ്യ സമൂഹം കിർഗിസ്ഥാനിൽ നിന്ന് പലായനം ചെയ്തുവന്നവരാണെന്ന് അദ്ദേഹം സമർഥിച്ചിരുന്നു. ഇതു സംബന്ധിച്ചു നിരവധി സ്ഥലങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിരുന്നു

Related Articles

Latest Articles