ഇൻഫാൽ: മണിപ്പുരിൽ കുക്കി സംഘടനകളുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം സി ആർ പി എഫ് ക്യാമ്പിന് നേരെ ആക്രമണം നടന്നതിനെ തുടർന്ന് സംസ്ഥാനത്ത് നിരീക്ഷണം തുടരുന്നു. തൊണ്ണൂറ്റിയെട്ടോളം ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചാണ് സുരക്ഷാ സേന നിരീക്ഷണവും, പരിശോധനയും ശക്തമാക്കുന്നത്. ഇത്തരം പരിശോധനകളിൽ റോക്കറ്റ് ബോംബുകളടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 168 പേർ പുതുതായി കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും എം എൽ എ മാരും ഗവർണറെ കണ്ടു. കേന്ദ്ര സഹായം ഉൾപ്പെടെയുള്ള 9 നിർദ്ദേശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന.
അതേസമയം കുക്കി ഭീകര സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലികൾ നടന്നു. വനിതകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ റാലിയിലും സംഘർഷമുണ്ടായി. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് അവധി.
കുക്കി ഭീകര സംഘടനകൾക്ക് ഡ്രോണുകളും റോക്കറ്റുകളും അടക്കം വിദേശ നിർമ്മിത ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. 60000 ത്തോളം കേന്ദ്ര സേനാംഗങ്ങളെയാണ് ഭീകരർ ലക്‌ഷ്യം വയ്ക്കുന്നത്. നേരത്തെ ഡ്രോണുകളിൽ ഭീകരർ ബോംബാക്രമണം നടത്തിയിരുന്നു. രണ്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് വിവിധ സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി വരവെയാണ് ആക്രമണങ്ങൾക്ക് പുതുരൂപം കൈവന്നത്.

