Monday, December 15, 2025

എടവണ്ണയിൽ യുവാവിനെ വെടിവച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ; കൃത്യം നടത്തിയത് ദില്ലിയിൽ നിന്നെത്തിച്ച തോക്കുപയോഗിച്ച്

എടവണ്ണ : എടവണ്ണയിൽ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിലിനെ (24) വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് മുണ്ടേങ്ങര സ്വദേശിയായ ഷാൻ മുഹമ്മദ് പിടിയിലായിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് ഇയാളുടെ മൊഴി. ദില്ലിയിൽ നിന്ന് കൊണ്ടുവന്ന തോക്ക് ഉപയോഗിച്ചാണ് ഇയാൾ കൃത്യം നിർവഹിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഷാനിന്റെ മുണ്ടേങ്ങരയിലെ വീട്ടിൽനിന്ന് തോക്ക് കണ്ടെടുത്തു.

ബാസിലിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയ ഷാൻ മുഹമ്മദിനെ പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ 21ന് രാത്രി 9ന് ആണ് ബാസിൽ യുവാവിനൊപ്പം പോയത്. തുടർന്ന് ചെമ്പക്കുത്ത് പുളിക്കുന്ന് മലയിൽ ബാസിൽ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും ഇയാൾ വീട്ടുകാരെ ഫോൺ ചെയ്ത് അറിയിച്ചു. രാവിലെയായിട്ടും ബാസിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവിയുടെ പിൻഭാഗത്തും നെഞ്ചിലും ആഴത്തിൽ മുറിവുണ്ടായിരുന്നു.

പോസ്റ്റ് മോർട്ടത്തിലാണ് വെടിയേറ്റതിനെത്തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ലഹരി മരുന്നുകേസിൽ പിടിയിലായ ബാസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Related Articles

Latest Articles