Monday, May 6, 2024
spot_img

സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സ്മാർട്ട്ഫോണുകൾ അപകടകാരികൾ, പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങൾ ഇവ

തൃശ്ശൂരിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച വാർത്ത വളരെ വേദനയോടെയാണ് നമ്മൾ കണ്ടത്. സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നത് ഇപ്പോഴൊരു പുതിയ കാര്യമല്ല. നേരത്തെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിച്ച് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് മിക്കപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണം.

സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ബാറ്ററിയുമായി ബന്ധപ്പെട്ടതാണ്. കർശനമായ സുരക്ഷാ പരിശോധനകൾ കഴിഞ്ഞാണ് സ്മാർട്ട്ഫോൺ ബാറ്ററികൾ വരുന്നത് എന്ന് പറയുമ്പോൾ തന്നെയും ഇടയ്ക്കിടെ ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ വരുന്നുണ്ട്. എല്ലായിപ്പോഴും സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്യുന്നത് നിർമ്മാതാവിന്റെ തെറ്റ് കാരണം മാത്രമല്ല. സ്‌മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങളും അത്തരമൊരു അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.

കേടായ ബാറ്ററി

സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈൽ ഫോണുകളും സ്മാർട്ട്ഫോണുകളും ലിയോൺ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലൻസ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കൾ അമിതമായ ചൂടുമായി സമ്പർക്കം പുലർത്തുകയോ അതല്ലെങ്കിൽ അവയുടെ കേസിങ്ങിന് കേടുപാടുകൾ വരികയോ ചെയ്താൽ അവ പൊട്ടിത്തെറിക്കാം.

അമിതമായി ചൂടാകുന്ന ബാറ്ററികൾ

ബാറ്ററികൾ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും. വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവിൽ ഫോൺ ചാർജ് ചെയ്യുകയോ രാത്രി മുഴുവൻ ബാറ്ററി ചാർജ്ജ് ചെയ്യാൻ വയ്ക്കുകയോ ചെയ്താൽ ഇത്തരത്തിൽ ഫോൺ ബാറ്ററി ചൂടാകും. ചാർജ് ചെയ്യുമ്പോൾ തന്നെ ഫോൺ കോളുകൾക്കായോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായോ ഉപയോഗിച്ചാലും ബാറ്ററി ചൂടാകാൻ സാധ്യതയുണ്ട്.

ബാറ്ററി വീർക്കൽ

ഓരോ സ്മാർട്ട്ഫോൺ ബാറ്ററിക്കും കൃത്യമായ ചാർജിങ് സൈക്കിൾ ഉണ്ട്. ലി-അയൺ ബാറ്ററികളുടെ കാര്യത്തിൽ ചാർജിങ് സൈക്കിൾ അവസാനിച്ച് കഴിഞ്ഞും അത് ഉപയോഗിച്ചാൽ വേഗത്തിൽ തന്നെ ബാറ്ററി ബൾജായി വരും. ഇത്തരത്തിൽ വീർത്ത് വരുന്ന ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാറ്ററികൾ വീർത്ത് വരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ അവ മാറ്റി പുതിയത് വയ്ക്കുക.

വീഴ്ച്ചയും മറ്റ് കേടുപാടുകളും

ഫോൺ കൈയ്യിൽ നിന്നും വീഴുന്നത് സാധാരണ സംഭവമാണ്. നിങ്ങളുടെ ഫോണുകൾ ഇടയ്ക്കിടെ വീഴുന്നുണ്ട് എങ്കിൽ കാഴ്ചയിൽ കേടുപാടുകൾ ഇല്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വീഴുമ്പോഴുള്ള ആഘാതം ബാറ്ററി ഘടകങ്ങളിലേക്ക് ഷോക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള കാരണമാകുന്നു. അതുകൊണ്ട് തന്നെ സുരക്ഷാ ഘടകങ്ങൾക്ക് കേടുപാടുകൾ വരാനും സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചേക്കും.

ചാർജറുകൾ

കമ്പനി നിർദേശിക്കുന്നതല്ലാത്ത ചാർജറുകൾ ഉപയോഗിച്ച് ഫോൺ ബാറ്ററി ചാർജ് ചെയ്യുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈൻ ചെയ്തിരിക്കുന്നതിനേക്കാൾ കൂടുതൽ കറന്റോ വോൾട്ടേജോ ഉപയോഗിച്ച് ചാർജ് ചെയ്താൽ ബാറ്ററി വേഗത്തിൽ നശിക്കുകയും ചെയ്യും. ഏതെങ്കിലുമൊക്കെ ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതാണ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാന കാരണം.

Related Articles

Latest Articles