രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിനുള്ളിൽ കടന്നു കയറി പ്രതിഷേധത്തിന്റെ ഞെട്ടലിലാണ് രാജ്യം വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം.ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്കുചാടിയ രണ്ടുപേര്‍ എംപിമാരുടെ ഇരിപ്പിടങ്ങള്‍ക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിച്ചു. മഞ്ഞനിറത്തിലുള്ള പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞു. ആദ്യം എന്താണിതെന്ന് ആര്‍ക്കും വ്യക്തമായില്ലെങ്കിലും പിന്നീട് കളര്‍ സ്‌മോക്കുകളാണെന്ന് തിരിച്ചറിഞ്ഞു.
എന്താണ് കളര്‍ സ്‌മോക്കുകള്‍
ലോകത്ത് മിക്ക രാജ്യങ്ങളിലും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളവയാണ് സ്‌മോക്ക് കാന്‍സ് അഥവാ സ്‌മോക്ക് ബോംബുകള്‍. സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ കായിക പരിപാടികള്‍ക്കും ഫോട്ടോ ഷൂട്ടിനുമെല്ലാം ഉപയോഗിക്കാറുണ്ട്.
സ്‌മോക്ക് കാനുകളിൽ നിന്നും പുറന്തള്ളുന്ന കട്ടിയുള്ള പുകയാല്‍ അന്തരീക്ഷം മറയുന്നതിനാലാണ് സൈനിക നീക്കങ്ങൾക്ക് ഇവ ഉപയോഗിക്കുന്നത്. വ്യോമാക്രമണങ്ങളിലും സൈനിക ലാന്‍ഡിങിലും ഒഴിപ്പിക്കല്‍ പോയിന്റുകളിലുമൊക്കെ ലക്ഷ്യസ്ഥാനം രേഖപ്പെടുത്താനായും കളര്‍ സ്‌മോക്കുകള്‍ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഫോട്ടോ ഷൂട്ടുകളിൽ ചിത്രങ്ങള്‍ പകര്‍ത്തുന്ന സമയത്ത് എഫക്ടുകളും ഇല്യൂഷനുമുണ്ടാക്കാനായും സാധാരണ ഇവ ഉപയോഗിക്കുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ ഒത്തിരി വീഡിയോകൾ കാണാനാകും. ഫുട്‌ബോളില്‍ ഓരോ ക്ലബിനെയും പ്രതിനിധാനം ചെയ്യുന്ന നിറത്തിലുള്ള സ്‌മോക്കുകള്‍ ആരാധകരും ഉപയോഗിക്കുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഫാന്‍ ക്ലബുകള്‍ ടീമുകളെ സന്ദര്‍ശിക്കുമ്പോഴും കളര്‍ സ്‌മോക്കുകള്‍ അടക്കമുള്ളവ ഉപയോഗിക്കാറുണ്ട്. ഗാലറിയിലും ഇവ ഉപയോഗിക്കാറുണ്ട്.

