Tuesday, May 21, 2024
spot_img

മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ചു;പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കുറച്ചു;മന്ത്രിസഭായോഗത്തിലാണ് തീരുമാനം

മഹാരാഷ്ട്രയില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. മഹാരാഷ്ട്ര മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ 11 ദിവസമായി മുംബൈയില്‍ പെട്രോള്‍ വില 111.35 രൂപയില്‍ തുടരുകയായിരുന്നു. വില കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് 106.35 രൂപയാകും. 97.28 രൂപയായിരുന്ന ഡീസല്‍ വില ഇനി 94.28 രൂപയാകും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കാര്യമായ കുറവ് വരുത്തുമെന്ന് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ഒന്നരമാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 8 രൂപയും 6 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും തീരുമാനിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും യഥാക്രമം 2.08 രൂപയും 1.44 രൂപയും വാറ്റ് നിരക്ക് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ് ഷിന്‍ഡെ സര്‍ക്കാര്‍

Related Articles

Latest Articles