Saturday, May 18, 2024
spot_img

ജി-20 ഉച്ചകോടി: ട്രംപ് – മോദി കൂടിക്കാഴ്ചയില്‍ വ്യാപാരവും പ്രതിരോധവും 5 ജിയും പ്രധാന ചര്‍ച്ചയായി

ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. നരേന്ദ്ര മോദിയുടേത് വലിയ തിരഞ്ഞെടുപ്പ് വിജയമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു.

വ്യാപാരം, സൈനിക സഹകരണം എന്നിവയും ഭീകരവാദവും പ്രധാന ചര്‍ച്ചയെന്ന് മോദിയും ട്രംപു അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തര്‍ക്കവും അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പിന്‍വലിച്ചാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായാണ് സൂചന.

ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്.

അതേസമയം, ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗത്തില്‍ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കി. ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് മോദി പറഞ്ഞു. സാമ്പത്തിക പുരോഗതിയെയും മത സൗഹാര്‍ദത്തെയും ഭീകരവാദം പിന്നോട്ടടിക്കും. ഭീകരതയെയും വംശീയതയെയും പിന്തുണയ്ക്കുന്ന എല്ലാ വഴികളും അടയ്ക്കണമെന്നും മോദി പറഞ്ഞു.

ഭീകരവാദത്തിന് എതിരായ പോരാട്ടത്തിനും മോദി ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തി.

Related Articles

Latest Articles