Monday, May 20, 2024
spot_img

ജി സുധാകരനെ ഒതുക്കിയത് ഈ നേതാവിനു വേണ്ടിയോ ?

ജി സുധാകരനെ ഒതുക്കിയത് ഈ നേതാവിനു വേണ്ടിയോ ? | CPM

അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയില്‍ മുന്‍ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി സുധാകരനെതിരേ സി.പി.എം നടപടി. പരസ്യമായ ശാസനയാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി ജി. സുധാകരന് എടുത്തിരിക്കുന്ന നടപടി.  അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കണക്കിലെടുത്താല്‍ സുധാകരന്‌ നല്‍കിയ ശിക്ഷ ചെറുതാണെന്ന്‌ വ്യാഖ്യാനിക്കാം. സി.പി.എമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍നിന്നു മൂന്നാമത്തെ ശിക്ഷാ നടപടിയാണ്‌ ഇപ്പോഴുണ്ടായത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുധാകരന്‍ മൗനം തുടരാനാണ്‌ സാധ്യത. മൗനം വലിയ ആയുധമാണെന്ന്‌ അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍ സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന സമയത്തുണ്ടായ നടപടി അദ്ദേഹത്തെ എതിര്‍ക്കുന്ന ആലപ്പുഴയിലെ പുതിയചേരിക്കുണ്ടാക്കുന്ന ആഹ്‌ളാദം ചെറുതല്ല. ആദ്യം വി.എസിനൊപ്പവും പിന്നീട്‌ പിണറായി വിജയനൊപ്പവും സുധാകരന്‍ കൂട്ടുകൂടിയെങ്കിലും അപ്പോഴെല്ലാം ആലപ്പുഴയിലെ പാര്‍ട്ടി അദ്ദേഹത്തിനൊപ്പമായിരുന്നു. വിഭാഗീയത നീറിപ്പുകഞ്ഞ കാലയളവിലും പുതിയ കൂട്ടുകെട്ടുകള്‍ ഉരുത്തിരിഞ്ഞ വേളയിലും ആലപ്പുഴയിലെ പാര്‍ട്ടി ഘടകത്തെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ത്ത്‌ നിര്‍ത്താന്‍ സുധാകരനായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 ഇടത്ത്‌ പരാജയപ്പെട്ടിട്ടും ആലപ്പുഴ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്‌ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നടത്തിയ ചിട്ടയായ പ്രവര്‍ത്തനം മൂലമാണെന്ന പ്രശംസ ഉന്നത നേതാക്കളില്‍നിന്നുതന്നെ ഉണ്ടായി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സുധാകരനെതിരായ നീക്കം ആലപ്പുഴയില്‍ ശക്‌തിപ്പെട്ടു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും മുമ്പ്‌ വി.എസ്‌ -ഐസക്ക്‌ പക്ഷത്തായിരുന്ന ചില നേതാക്കളും ചേര്‍ന്ന്‌ രണ്ടാം നിര എന്ന തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട്‌ രൂപം കൊണ്ട ഗ്രൂപ്പ്‌ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ നീക്കം നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും കോടിയേരിക്ക്‌ പകരക്കാരനായി എത്തിയ പാര്‍ട്ടി സംസ്‌ഥാന ആക്‌ടിങ്‌ സെക്രട്ടറിയായ എ. വിജയരാഘവനുമായുള്ള ബന്ധവും കൈമുതലാക്കി ഇവര്‍ മുന്നോട്ടു നീങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരവസരം കൂടി പ്രതീക്ഷിച്ച തോമസ്‌ ഐസക്കിനും ജി. സുധാകരനും സീറ്റ്‌ നിഷേധിക്കപ്പെടുകയും ഈ വിഭാഗത്തിലുള്ളവര്‍ വിജയിച്ച്‌ അധികാര സ്‌ഥാനങ്ങളിലെത്തുകയും ചെയ്‌തതോടെ പാര്‍ട്ടി പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമായി. തെരഞ്ഞെടുപ്പിലെ പ്രചാരണ വീഴ്‌ച ആരോപിച്ച്‌ അസംഖ്യം തെളിവുകള്‍ സമാഹരിച്ച ഈ വിഭാഗം യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത്‌ സുധാകരന്റെ പ്രാധാന്യം ഇല്ലാതാക്കി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈക്കലാക്കുക എന്നതായിരുന്നു. അരൂര്‍ മുതല്‍ കുണ്ടറ വരെ തീരദേശ മണ്ഡലങ്ങളിലാകെയുണ്ടായ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ അമ്പലപ്പുഴ മാത്രം ചര്‍ച്ചയാക്കി സുധാകരനെ പ്രതിക്കൂട്ടിലാക്കി. എന്നാല്‍ പൊതുവേ യു.ഡി.എഫിന്‌ മേല്‍ക്കോയ്‌മയുണ്ടായിരുന്ന അമ്പലപ്പുഴയിലെ ഭൂരിപക്ഷ സമുദായ മേഖലകളിലടക്കം ഇടത്‌ സ്‌ഥാനാര്‍ഥിക്കുണ്ടായ മികച്ച ലീഡ്‌ ചൂണ്ടിക്കാട്ടി സുധാകരനെ അനുകൂലിക്കുന്നവര്‍ അന്വേഷണ കമ്മിഷന്‌ മൊഴി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത മണ്ഡലങ്ങളായ ആലപ്പുഴയിലും ചേര്‍ത്തലയിലും അരൂരിലുണ്ടായ വോട്ട്‌ ചോര്‍ച്ചയും അന്വേഷണ വിധേയമാക്കിയില്ല.

Related Articles

Latest Articles