Sunday, December 21, 2025

പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍; ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി

ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി.

എന്നാൽ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതേതുടർന്ന് ജില്ലാ കമ്മിറ്റി സുധാകരന് പകരമായി മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയാക്കിയത്.

അതേസമയം ആലപ്പുഴയില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് സുധാകരന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു കൂടാതെ ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ കത്ത്.

എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജി സുധാകരന്‍ കത്തുനല്‍കിയിരുന്നു. പിന്നീട് ഈ കത്ത് പരിഗണിച്ചുകൊണ്ട് സുധാകരനെ പാര്‍ട്ടി നേതൃത്വം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Related Articles

Latest Articles