Thursday, May 2, 2024
spot_img

പാർട്ടിക്കുള്ളിലെ കല്ലുകടി പരസ്യമാകുന്നു; ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു;സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജി.സുധാകരൻ

ആലപ്പുഴ: സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരന്‍ രംഗത്തു വന്നു . ലഹരിക്കെതിരേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു . ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളർന്നതിൽ അദ്ദേഹം ആശങ്കയറിയിച്ചു.

ആരോഗ്യവകുപ്പിൽ നടക്കുന്ന അനാവശ്യമായ സ്ഥലം മാറ്റലുകളെയും സുധാകരന്‍ വിമർഷിച്ചു. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പകരം ആളെ നിയമിക്കാതെ നിലവിലുള്ള ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം പുതിയ ആളെ നിയമിക്കുന്നതും ഒറ്റ ഓര്‍ഡറില്‍ത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി .

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ തന്നെ കുടുക്കാന്‍ ജി. സുധാകരനും പി.പി ചിത്തരഞ്ജനും അടക്കമുള്ളവര്‍ ശ്രമിക്കുന്നതായി ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ് നേരത്തെ ആരോപിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് നല്‍കിയ കത്തിലായിരുന്നു ഷാനവാസ് ആരോപണം ഉന്നയിച്ചത്. ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ജി. സുധാകരന്‍ രംഗത്തെത്തിയത്

Related Articles

Latest Articles