Thursday, January 1, 2026

അഭിമാനത്തോടെ കേരളം; ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.

സംയുക്ത സംരഭ൦ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയില്‍ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പദ്ധതിയുടെ വിജയം ഫെഡറൽ രീതിയുടെ ക്ലാസിക്കൽ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാനും പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ൪ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു.

അതേസമയം രാഷ്ട്രീയ ലാഭത്തിൽ മാത്രം കണ്ണുള്ള ചിലരുടെ പിടിവാശിയും കാര്യജ്ഞാനമില്ലാത്ത സാധാരണക്കാരെ മുന്നിൽ നിരത്തി നടത്തിയ സമരാഭാസങ്ങളും ഇല്ലാതിരുന്നുവെങ്കിൽ ഏഴുവർഷം മുൻപേ തന്നെ കമ്മിഷൻ ചെയ്യേണ്ടിയിരുന്ന പദ്ധതിയാണിത്. വാതക പൈപ്പ് ലൈൻ പൊട്ടിപ്പോകുമെന്നും അതു കടന്നുപോകുന്ന വഴികളിലുള്ള കുടുംബങ്ങളുടെയെല്ലാം ജീവൻ കത്തിച്ചാമ്പലാകുമെന്നും ഭയപ്പെടുത്തി ജനങ്ങളെ പദ്ധതിക്കെതിരെ അണിനിരത്തിയതാണ് സംസ്ഥാനത്തിനും പദ്ധതിക്കും വിനയായത്. പത്തുവർഷം മുമ്പു തുടക്കമിട്ട പദ്ധതി ഏഴു വർഷം തടസപ്പെട്ടുകിടന്നു.

ചെലവ് കുറഞ്ഞ ഇന്ധനമായ പ്രകൃതി വാതകം സംസ്ഥാനത്തുടനീളം എത്തിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ‘ഗെയിലി”ന്റെ വാതക പൈപ്പ് ലൈൻ പദ്ധതി. ഗാർഹികാവശ്യങ്ങൾക്കുവരെ ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്ധനം ലഭിക്കുമെന്നതാണ് നേട്ടം. എറണാകുളം മുതൽ വടക്കോട്ട് ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ ഇവിടങ്ങളിൽ പുതിയൊരു വികസന പാതയ്ക്കാണ് തുടക്കമിടുന്നത്. കൊച്ചി – മംഗലാപുരം പൈപ്പ് ലൈനിനു പുറമേ തമിഴ്‌നാട്ടിലേക്കും കർണാടകയിലെ ബംഗളൂരുവിലേക്കുമുള്ള രണ്ടാം ലൈനിന്റെ നിർമ്മാണവും നടക്കുകയാണ്. പാലക്കാട്ടെ കൂറ്റനാടു നിന്നാണ് പൈപ്പ് ലൈൻ രണ്ടായി വഴി തിരിയുന്നത്. കോയമ്പത്തൂർ, സേലം വഴി ബംഗളൂരുവിലേക്കുള്ള ലൈൻ വാളയാറിൽ എത്തിനിൽക്കുകയാണ്. കേരളത്തിലെ തന്നെ തെക്കൻ ജില്ലകളിലും എൽ.എൻ.ജി എത്തിക്കാനുള്ള പദ്ധതി ഏതാനും വർഷത്തിനകം പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ.

വാതക പൈപ്പ് ലൈനിനെതിരെ പ്രക്ഷോഭം നയിച്ചവർക്കും പങ്കെടുത്തവർക്കുമെല്ലാം പശ്ചാത്താപത്തിന്റെ ദിനം കൂടിയായിരുന്നു ഇന്ന്. നാടിനോ നാട്ടാർക്കോ ഒരു വിധ ദോഷവും വരുത്തുകയില്ലെന്ന് പൂർണമായി അറിയാമായിരുന്നിട്ടും ജനങ്ങളെ കുത്തിയിളക്കി സമര പരമ്പരകൾ നടത്തിവർക്ക് സംസ്ഥാനത്തിന്റെ വികസനമോ നാടിന്റെ പുരോഗതിയോ ആയിരുന്നില്ല ലക്ഷ്യം. വോട്ട് ബാങ്ക് വിപുലീകരണം മാത്രമായിരുന്നു അവരുടെ ഉള്ളിലിരുപ്പ്. ഏറെ നാൾ അവരുടെ വിളയാട്ടം ഫലിച്ചില്ലെന്നതിൽ നാടിന് ആശ്വസിക്കാം.

Related Articles

Latest Articles