തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ ക്രോസിൽ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് എതിരെ സസ്‌പെൻഷൻ നടപടി.
സംഭവത്തിൽ സതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം.
വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ 4.30-ഓടെയായിരുന്നു സംഭവം.
റെയിൽവേ ഗേറ്റ് തുറക്കാൻ വൈകിയത് ചോദ്യം ചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും ഗേറ്റ് കീപ്പർ സതീഷ് കുമാർ പൂട്ടിയിട്ടെന്നും ലിഫ്റ്റിങ് ബാരിയർ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളിൽ തടഞ്ഞിട്ടതായുമാണ് പരാതി.
വർക്കല സ്വദേശി ആശിഷിന്റെ ഓട്ടോയിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി സാജൻ, അമ്മ സൂസി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്.
ട്രെയിൻ പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ഓട്ടോഡ്രൈവർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമായത്.
അതേസമയം ഗേറ്റിനുള്ളിൽ ഓട്ടോ പ്രവേശിച്ചപ്പോൾ ഡ്രൈവർ ഇതേക്കുറിച്ച് ഗേറ്റ് കീപ്പറെ ചോദ്യംചെയ്തു.
തുടർന്നാണ് ലിഫ്റ്റിങ് ബാരിയർ താഴ്ത്തി ഓട്ടോ തടഞ്ഞിട്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമായി.
പിന്നീട് 10 മിനിറ്റോളം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ഓട്ടോഡ്രൈവർ റെയിൽവേ അധികൃതർക്കു പരാതി നൽകിയിരുന്നു.

