നമുക്കു ചുറ്റും പ്രേതങ്ങളുണ്ടോ? പാരാനോർമൽ ആക്ടിവിറ്റിയെന്നത് യാഥാർഥ്യമോ അതോ കെട്ടുകഥയോ? വീണ്ടും ഇത്തരം സംശയങ്ങൾ ചർച്ചാവിഷയമായതിനു കാരണം ‘കോൾഡ് കേസ്’ എന്ന സിനിമയാണ്. അഞ്ചു വർഷം മുൻപ് മാധ്യമങ്ങളിൽനിറഞ്ഞ ഒരു സംഭവവുമായി ചിത്രം കൈകാര്യം ചെയ്ത വിഷയത്തിനു ബന്ധമുണ്ടായിരുന്നു. അതെ, പാരാനോർമൽ വിദഗ്ധൻ ഗൗരവ് തിവാരിയുടെ ദുരൂഹ മരണം! ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സഹോദരിയുടെ മരണമായിരുന്നു ഗൗരവിന്റെ ജീവിതത്തെ വീണ്ടും വാർത്തകൾക്കു മുന്നിലെത്തിച്ചത്.
പാരാസൈക്കോളജിയിൽ താൽപര്യമുള്ള ആ കഥാപാത്രം ഒരു യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി ചിത്രത്തിൽ പറയുന്നു. മരണത്തിനു പിന്നിലെ കാരണം വീട്ടുകാർക്കു പോലും മനസ്സിലായില്ല. പാരാസൈക്കോളജിയിൽ താൽപര്യമുള്ള പലരും ഈ സംഭവത്തെ ഗൗരവിന്റെ മരണവുമായി ബന്ധിപ്പിച്ചതോടെ വീണ്ടും ചർച്ചയാവുകയാണ് ആ ദുരൂഹമരണം.

