ഇന്ത്യൻ ടീം മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെ പരിശീലക സംഘത്തിൽ വമ്പൻ ഉടച്ച് വാർക്കലുകളുമായി ഗൗതം ഗംഭീർ. മുൻ ഇന്ത്യൻ താരങ്ങളായ അഭിഷേക് നായര്‍, വിനയ് കുമാര്‍ എന്നിവരെ പരിശീലക സംഘത്തിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് വിവരം. അഭിഷേക് നായരെ ബാറ്റിങ് കോച്ചായും വിനയ് കുമാറിനെ ബൗളിങ് കോച്ചായും ഉള്‍പ്പെടുത്താനാണ് ഗംഭീറിന്റെ നീക്കം.
ഇന്ത്യയുടേയും മുംബൈയുടേയും മുന്‍ ബാറ്ററായ അഭിഷേക് ഗംഭീറിനൊപ്പം ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലക സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. താരങ്ങളുടെ ബാറ്റിങ് വൈഭവത്തെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അഭിഷേകിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരമാണ് വിനയ് കുമാര്‍. 2014, 2015 സീസണുകളില്‍ തുടര്‍ച്ചയായി രഞ്ജി ട്രോഫി നേടിയ ടീമിലുണ്ടായിരുന്നു.
മൂന്നരവർഷത്തേക്കാണ് ഗൗതം ഗംഭീറിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും അദ്ദേഹത്തിന്റെ കാലാവധി.മൂന്നു ഫോർമാറ്റിലും അദ്ദേഹമാകും മുഖ്യ പരിശീലകനാകുക.58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.
പരിശീലകനെന്ന നിലയില്‍ പേരെടുത്ത താരമാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

