ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ലോഞ്ച് ചെയ്തു. ഉപയോക്താക്കൾക്ക് കൂടുതൽ കണ്ടെന്റുകളിലേക്ക് ആക്സസ് നൽകുന്നതാണ് ഈ പ്ലാൻ. നിലവിൽ ജിയോസിനിമ സൌജന്യമായിട്ടാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. റിലയൻസ് ജിയോയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഫിഫ വേൾഡ് കപ്പ് സൌജന്യമായി സ്ട്രീം ചെയ്ത് ജനപ്രിതി നേടിയ പ്ലാറ്റ്ഫോം നിലവിൽ ഐപിഎൽ 2023 ലൈവായി സ്ട്രീം ചെയ്യുന്നുണ്ട്. നിരവധി സിനിമകളും നിലവിൽ ഈ പ്ലാറ്റ്ഫോമിലൂടെ സൌജന്യമായി കാണാം.
ജിയോസിനിമ ആപ്പിന് നാല് ഡിവൈസുകളിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നും നിങ്ങൾക്ക് ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ സാധിക്കും. പ്രീമിയം അക്കൌണ്ട് നിങ്ങളുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഷെയർ ചെയ്യാനും സാധിക്കും. വ്യത്യസ്ത സ്ഥലങ്ങളിൽ ഉള്ള ആളുകൾക്ക് പോലും ഒരു അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ ജിയോ വ്യക്തത വരുത്തിയിട്ടില്ല.
ജിയോസിനിമ പ്രീമിയം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എച്ച്ബിഒ പോലുള്ള പ്രമുഖ സ്റ്റുഡിയോകളുടെ എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രീമിയം പ്ലാനുകൾ ഇപ്പോൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ലാസ്റ്റ് ഓഫ് അസ്, ഹൌസ് ഓഫ് ദി ഡ്രാഗൺസ്, സക്സഷൻ പോലുള്ള സീരീസുകൾ കാണാൻ സാധിക്കും. വരും മാസങ്ങളിൽ ജിയോസിനിമയുടെ പ്രീമിയം ലൈബ്രറിയിലേക്ക് കൂടുതൽ മികച്ച കണ്ടന്റുകൾ ചേർക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

