Sunday, June 16, 2024
spot_img

മിത്ത് വിവാദം; ഗോവിന്ദൻ തിരുത്തിയതിൽ സന്തോഷം! ഇനി സ്പീക്കർ തിരുത്തണം, പ്രശ്നം തീരാൻ വഴി അത് മാത്രമേ ഉള്ളുവെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: ഗണപതിയെ മിത്ത് എന്ന സ്പീക്കറുടെ പരാമർശത്തിൽ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കിക്കൊണ്ട് സ്പീക്കര്‍ തന്റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കുമെന്നും അതല്ലാതെ വേറെ വഴിയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രശ്‌നം വഷളാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതിയെ പറ്റി മോശമായി പ്രതികരണം നടത്തിയപ്പോഴാണ് എല്ലാവരും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗോവിന്ദന്‍ തന്റെ നിലപാട് തിരുത്തിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പം സിപിഎം നില്‍ക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞതോടെ താത്കാലികമായെങ്കിലും പ്രശ്നം അവസാനിച്ചുവന്ന് പറയാം. പൂർണ്ണമായും അവസാനിക്കണമെങ്കിൽ സ്പീക്കർ കൂടെ തിരുത്തുവാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

ഡല്‍ഹിയില്‍ പോയപ്പോള്‍ ഗോവിന്ദന്‍ കവാത്ത് മറന്നത് നല്ലകാര്യമാണ്. തെറ്റ് ആര് തിരുത്തിയാലും അത് സന്തോഷമാണ്. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടാകുന്നു. വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടുവരരുത്. അതിനെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. കേരളം മതനിരപേക്ഷ സംസ്ഥാനമാണ്. അതിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles