Monday, May 20, 2024
spot_img

പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം

തിരുവനന്തപുരം: പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഗമം ആഗസ്റ്റ് 24 ന് നടക്കും.ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് സ്കൂളിലെ മാർ ഗ്രിഗോറിയസ് ജൂബിലി ഓഡിറ്റോറിയത്തിലാണ് ബാക്ക് ഇൻ സ്കൂൾ 2019 എന്ന് പേരിട്ടിരിക്കുന്ന പൂർവവിദ്യാർഥിസംഗമം നടക്കുക. സ്കൂളിന്‍റെ അശീതി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഗോള പൂർവവിദ്യാർഥി സംഗമത്തിൽ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലധികം പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് പൂർവ വിദ്യാർത്ഥി സംഘടനയായ കോസ്മോസിന്‍റെ ആക്ടിംഗ് പ്രസിഡണ്ട് കെ സുധാകരൻ നായർ, പ്രിൻസിപ്പൽ ഫാദർ സി സി ജോൺ, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ അറിയിച്ചു.

ബാക്ക് ഇൻ സ്കൂൾ 2019 പരിപാടിയുടെ ഭാഗമായുള്ള സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറിയും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ ലിസി ജേക്കബ് ഐ. എ. എസ് മുഖ്യപ്രഭാഷണം നടത്തും.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ വഹിക്കുന്നവരുമായ വ്യക്തികള്‍ യോഗത്തിൽ പങ്കെടുക്കും

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോൺ, പൂർവ്വ വിദ്യാർത്ഥിയും ഗുരു ശ്രേഷ്ഠ അവാർഡിനർഹനുമായ വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, മുൻ പ്രിൻസിപ്പൽമാരായ എ എ തോമസ്, കെ എം അലക്സാണ്ടർ, ഫാദർ ജോർജ് മാത്യു കരൂർ, സ്കൂൾ കറസ്പോണ്ടൻസ് കൂടിയായ ഫാദർ വർക്കി ആറ്റുപുറത്ത്, മുൻ ഹെഡ് മിസ്ട്രസുമാരായ ഗ്രസി വർഗ്ഗീസ്, അലക്സി സാമുവേൽ, ആശ ആനി ജോർജ്ജ് എന്നിവരെയും. ഇതോടൊപ്പം സ്കൂളിലെ വിരമിച്ച അധ്യാപകരെയും മുൻ പിടിഎ പ്രസിഡന്‍റുമാരെയും ആദരിക്കും.അതോടൊപ്പം സ്കൂളിലെ 8,9,10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് കോസ്മോസ് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ അവാർഡുകളും യോഗത്തിൽ വിതരണം ചെയ്യും .

10,000 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകുന്ന പദ്ധതിയാണ് അശീതി വാർഷിക പരിപാടിയുടെ ഭാഗമായി കോസ്മോസ് ഏറ്റെടുത്തിരിക്കുന്ന മുഖ്യ പദ്ധതി.വാട്ടർ പ്യൂരിഫിക്കേഷൻ പദ്ധതി,സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നേത്ര പരിശോധന, അധ്യാപകർക്കുള്ള മെഡിക്കൽ ക്യാമ്പ് , കുട്ടികൾക്ക് സൈബർ സേഫ്റ്റി അവയർനെസ് ക്ലാസ്സ്, സ്ത്രീ ശാക്തീകരണ ക്ലാസ്സുകൾ, എയർളി കാൻസർ ഡിറ്റക്ഷൻ അവയർനെസ് ക്യാമ്പ് തുടങ്ങിയ നൂതന പദ്ധതികളും കോസ് മോസ് ഈ വർഷം നടപ്പിലാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ആശുപത്രി ആവശ്യത്തിനായി മിനി വാൻ, സ്കൂളിലെ ആദ്യത്തെ മൾട്ടീ മീഡിയ റൂം, നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വീടില്ലാത്ത ഒരു കുട്ടിക്ക് വീട് എന്നിവ കോസ്മോസ് സംഭാവന ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലായി ലക്ഷത്തിൽപരം പൂർവവിദ്യാർത്ഥികൾ ഉള്ള വിദ്യാലയമാണ് പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ .സമൂഹത്തിൻറെ നാനാതുറകളിൽ ആയി വ്യാപിച്ചിരിക്കുന്ന പൂർവവിദ്യാർത്ഥികൾ നഗരത്തിൻറെ പരിച്ഛേദമാണ്. 1940 മുതൽ 2014 വരെ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും അപൂര്‍വ്വ സംഗമവേദി കൂടിയായി ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാറും.

Related Articles

Latest Articles