Thursday, May 2, 2024
spot_img

തത്വാധിഷ്ഠിത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഉന്നത പോരാളി; ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്ക് മുന്നിൽ താൻ നമ്രശിരസ്കനാവുന്നു; മുതിർന്ന കോൺഗ്രസ് നേതാവിന്റെ അന്ത്യത്തിൽ അനുശോചനം അറിയിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

ഗോവ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അന്ത്യത്തിൽ അനുശോചനം അറിയിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. കേരള രാഷ്ട്രീയ രംഗത്തെ മുതിർന്ന നേതാവായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നെന്ന് അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ,
“ഭാരതത്തിന്റെ തനിമയും ദേശീയതയും ഉയർത്തിപ്പിടിച്ചുകൊണ്ട് , ഗാന്ധിജിയോടൊപ്പം അണിചേർന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ.മൊയ്തു മൗലവി, പി.പി ഉമ്മർകോയ തുടങ്ങിയവരുടെ പൈതൃകം പിന്തുടർന്ന വടക്കൻ കേരളത്തിലെ ഉന്നത നേതാവായിരുന്നു അദ്ദേഹം. സ്വന്തം മതവിശ്വാസത്തോട് പ്രതിബദ്ധത പുലർത്തുന്ന തോടൊപ്പം നാടിന്റെ പാരമ്പര്യവും ആത്മീയദർശനങ്ങളും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിൽ കനത്ത വെല്ലുവിളികളെ അതിജീവിച്ച അപൂർവ്വം നേതാക്കളിലൊരാളാണ് അദ്ദേഹം. കാര്യങ്ങൾ പഠിച്ച്, നിർഭയനായി അത് വിളിച്ച് പറയുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിടുതൽ ചെയ്യുന്നതുവരെ ജയിലിൽ കിടക്കുകയും അപമാനത്തിനിരയാവുകയും ചെയ്ത ചരിത്രമുള്ള നേതാവാണദ്ദേഹം.ഒരു എം എൽ എയുടെ മരണമൊഴി വിശ്വസനീയമല്ലെന്ന് കണ്ടു കൊണ്ടാണ് അദ്ദേഹത്തെ ഉന്നതനീതി പീഠം കുറ്റവിമുക്തനാക്കിയത്”.

ആര്യാടൻ മുഹമ്മദ് താനുമായി ആത്മബന്ധം പുലർത്തിയിരുന്നെന്നും ക്രൂശിക്കപ്പെടുന്ന നീതിയുടെ ഇരയാണ് അദ്ദേഹം എന്ന് സ്ഥാപിച്ചു കൊണ്ടുള്ള തന്റെ പഠന ലേഖനം അദ്ദേഹത്തെ അത്യധികം ആഹ്ലാദിപ്പിച്ചിരുന്നെന്നും തത്വാധിഷ്ഠിത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഉന്നത പോരാളിയായി താൻ അദ്ദേഹത്തെ വിലയിരുത്തുന്നെന്നും പി.എസ്.ശ്രീധരൻ പിള്ള വ്യക്തമാക്കി. ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്ക് മുന്നിൽ താൻ നമ്രശിരസ്കനാവുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles